തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും അഞ്ചു പൊലീസുകാര്‍ക്കും പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്‌ണയ്ക്കും കെഎസ്‌യു വൈസ് പ്രസിഡന്‍റ് സ്‌നേഹയ്ക്കും ഉൾപ്പടെയാണ് മർദനമേറ്റത്.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെയാണ് സഘര്‍ഷങ്ങള്‍ തുടങ്ങിയത്. പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയായിരുന്നു. പൊലീസിനെതിരെ തിരിഞ്ഞ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി.
ഇതിനിടയില്‍ മതില്‍ ചാടിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് കെഎസ്‌യു വൈസ് പ്രസിഡന്‍റ് സ്‌നേഹയ്ക്ക് മര്‍ദനമേറ്റത്. മണിക്കൂറുകളോളം സെക്രട്ടേറിയറ്റ് പരിസരം യുദ്ധസമാന അന്തരീക്ഷമായി മാറി. പൊലീസ് ലാത്തിച്ചാര്‍ജിനെതിരെ നാളെ കെഎസ്‌യു സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്‌തു.