തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച പൂർവ വിദ്യാർഥിനി വിദ്യയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു സംസ്ഥാന കമ്മിറ്റി. എറണാകുളം മഹാരാജാസ് കോളജിൽ 2018 കാലയളവിൽ പഠിച്ചിരുന്ന വിദ്യ വിജയൻ എന്ന എംഎ മലയാളം വിദ്യാർഥിനി കോളജ് സീലും ലെറ്റർ ഹെഡും വ്യാജമായി ഉണ്ടാക്കി, അതേ കോളജിൽ മലയാളം വിഭാഗത്തിൽ താത്‌കാലിക ജോലിയിൽ പ്രവേശിച്ചിരുന്നു എന്ന സർട്ടിഫിക്കറ്റ് ചമച്ചുവെന്നും ഗുരുതര ക്രിമിനൽ കുറ്റമായ ഈ പ്രവർത്തിയിൽ കോളജിലെ ഇടതുപക്ഷ അധ്യാപക-അനധ്യാപക, എസ്എഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നുമാണ് പരാതി.
വിഷയത്തിൽ അന്വേഷണം വേണമെന്നും കെഎസ്‌യു സംസ്ഥാന കമ്മിറ്റി പരാതിയില്‍ ആവശ്യപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ ആണ് ഡിജിപിക്ക് പരാതി നൽകിയത്. മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയും കാസർകോട് സ്വദേശിനിയുമായ വിദ്യയാണ് 2018 മുതൽ 2021 വരെ മഹാരാജാസ് കോളജിൽ താത്‌കാലിക അധ്യാപികയായിരുന്നുവെന്ന വ്യാജ രേഖ ചമച്ചത്.
അഞ്ച് വര്‍ഷം മുമ്പാണ് മഹാരാജാസ് കോളജില്‍ നിന്ന് വിദ്യ മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. തുടർന്ന് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച വിദ്യ വിവിധ കോളജുകളില്‍ ഇതുപയോഗിച്ച് ജോലി ചെയ്‌തു. കോളജ് പ്രിന്‍സിപ്പലിന്‍റെ പേരും ഒപ്പും അടക്കമുള്ള രേഖയാണ് ഇവർ വ്യാജമായി നിർമിച്ചത്.
2018 മുതല്‍ 2021 വരെ കോളജില്‍ ജോലി ചെയ്‌തതായാണ് രേഖ ചമച്ചിട്ടുള്ളത്. ഇത് ഉപയോഗിച്ച് അട്ടപ്പാടി ഗവ. കോളജില്‍ ജോലി നേടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അട്ടപ്പാടി കോളജിലേക്ക് ജോലിക്കായി അപേക്ഷിക്കുന്നതിന് മുൻപ് വിദ്യ വേറെ രണ്ടു കോളജുകളിൽ കൂടി അധ്യാപികയായി സേവനം അനുഷ്‌ഠിച്ചിരുന്നു. പാലക്കാട് പത്തിരിപ്പാല, കാസർകോട് കരിന്തളത്തുമാണ് ഇവർ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്‌തിരുന്നത്.
അതേസമയം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അധ്യാപികയായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പൂര്‍വ വിദ്യാര്‍ഥിനിക്കെതിരെ കേസെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു. വ്യാജ രേഖകൾ ചമയ്‌ക്കൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഇത് ഒരു വ്യക്തി ചെയ്യുന്ന തെറ്റായതിനാല്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് അതില്‍ അഭിപ്രായം പറയാൻ പറ്റില്ലെന്നും പറഞ്ഞു.
വ്യാജ സീലുകൾ ഉണ്ടാക്കാൻ ഇക്കാലത്ത് ബുദ്ധിമുട്ട് ഇല്ലെന്നും ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള നിയമപരമായിട്ടുള്ള നടപടികൾ ചെയ്യുമെന്നും ഇന്നലെ ആർ ബിന്ദു അറിയിച്ചിരുന്നു. കാര്യങ്ങള്‍ കൃത്യമായി പഠിച്ചതിന് ശേഷം, പരിശോധിച്ച് മറുപടി പറയാമെന്നുമാണ് മന്ത്രി പറഞ്ഞത്.
ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് വിദ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ. റജിസ്റ്റർ ചെയ്‌തത്. കോളജ് അധികൃതരെ വഞ്ചിച്ച് ജോലി നേടുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ രേഖ ചമച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. പരാതിക്കാരനായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി എസ് ജോയിയുടെ മൊഴിയും എറണാകുളം സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ കൂടെയുള്ള വിദ്യയുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. നിലവിൽ കാലടിയിൽ പിഎച്ച്ഡി വിദ്യാർഥിനി കൂടിയാണ് വിദ്യ. എന്നാൽ ഈ പ്രവേശനത്തിലും എസ്എഫ്ഐയുടെ ഇടപെടൽ ഉണ്ടെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം.