തിരുവനന്തപുരം: വർക്ക് ഷോപ്പുകൾ നവീകരിക്കുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ കൺസള്‍റ്റൻസിയായി നിയമിച്ച് കെഎസ്ആർടിസി. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ മുൻ ഓപ്പറേഷൻസ് വിഭാഗം തലവന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് കൺസള്‍റ്റൻസിയായി നിയമിച്ചിരിക്കുന്നത്.
നിലവിൽ കെഎസ്ആർടിസിയുടെ 12,00 ബസുകൾ പ്രവർത്തനക്ഷമമല്ലാതെ കട്ടപ്പുറത്താണ്. ഇതിൽ പകുതിയോളം ബസുകൾ നിരത്തിലിറക്കിയാൽ തന്നെ മാസ വരുമാനത്തിൽ 25 കോടിയോളം രൂപയുടെ വർധനവുണ്ടാകും. നിലവിൽ കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് സിഎംഡി ബിജു പ്രഭാകർ അടങ്ങുന്ന സംഘം ചെന്നൈയിൽ പോയി ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ കൺസള്‍റ്റൻസിയായി നിയമിച്ചത്.
സമ്പൂർണ നവീകരണം ലക്ഷ്യം: പുതിയ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതിലൂടെ വർക്ക് ഷോപ്പുകളുടെ സമഗ്ര നവീകരണമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. 22 ശതമാനം കെഎസ്ആർടിസി ബസുകളാണ് പതിവായി കട്ടപ്പുറത്തുള്ളത്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസുകൾ കട്ടപ്പുറത്താകുന്നത് വിരളമാണ്. കെഎസ്ആർടിസി ബസുകൾ 1.8 കിലോമീറ്റർ ഓടിയ ശേഷം ടയറുകൾ മാറ്റുമ്പോൾ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസുകൾ 3.8 കിലോമീറ്റർ ഓടിയ ശേഷമാണ് ടയറുകൾ മാറ്റുന്നത്.
ടയർ റൊട്ടേഷൻ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഒരു മാസത്തിനിടെ നടത്തുമ്പോൾ കെഎസ്ആർടിസിയിൽ ഇത് ഒരു വർഷത്തിൽ രണ്ട് തവണയാണ് നടക്കുന്നത്. പുത്തൻ പരിഷ്‌കാരങ്ങൾ ആദ്യം സ്വിഫ്റ്റ് ബസുകളിൽ നടപ്പാക്കാനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്.
ഇലക്‌ട്രിക് ആകുന്ന കെഎസ്‌ആർടിസി: സിറ്റി സർക്കുലർ സർവീസുകൾക്കായി പുതിയ ഇലക്‌ട്രിക് ബസുകൾ ഉടൻ എത്തും. 113 ബസുകളാണ് എത്തുന്നത്. ഇതിൽ നാല് എണ്ണം ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്ത് എത്തി കഴിഞ്ഞു. കെഎസ്ആർടിസിക്ക് ഏറെ യാത്രക്കാരുള്ള സർവീസാണ് സിറ്റി സർക്കുലർ. നഗര പ്രദേശങ്ങളിലെ ഉപയോഗത്തിന് ഇണങ്ങിയ ഒമ്പത് മീറ്റർ നീളമുള്ള ബസുകളാണ് പുതുതായി കെഎസ്ആർടിസി വാങ്ങിയത്.
ടെസ്റ്റ് വിവാദം: കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിത കണ്ടക്‌ടർമാരെ നിയോഗിക്കുന്നതിനായി നടത്തിയ ഡ്രൈവിങ് ടെസ്റ്റ് വിവാദത്തിലായിരിക്കുകയാണ്. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് ഓടിക്കാൻ എത്തിയ ഡ്രൈവർമാർക്ക് കാറിലാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. തിരുവനന്തപുരം നഗരത്തിൽ അടുത്ത മാസം മുതൽ സർവീസ് നടത്താനിരിക്കുന്ന സിറ്റി സർക്കുലർ ഇലക്‌ട്രിക് ബസുകൾ ഓടിക്കേണ്ട ഡ്രൈവർമാർക്കാണ് കാറിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്.
എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും കാറിലാണ് നടത്തിയത്. ഹെവി വാഹനം ഓടിക്കേണ്ട ഡ്രൈവർമാർക്ക് കാറിൽ ടെസ്റ്റ് നടത്തിയത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ആർടിസി അധികൃതർ ന്യായീകരണവുമായി രംഗത്തെത്തി. ഉദ്യോഗാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകിയ ശേഷം മാത്രമേ സർവീസിനായി നിയോഗിക്കുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. റോഡ് ടെസ്റ്റ് നടക്കുമ്പോൾ സ്വിഫ്റ്റിലെ ഉദ്യോഗസ്ഥരും പിന്നാലെ ഉണ്ടായിരുന്നു.
Also Read: KSRTC | കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഓടിക്കാൻ എത്തിയ ഡ്രൈവർമാർക്ക് കാറിൽ ഡ്രൈവിങ് ടെസ്റ്റ്; വിവാദമായതോടെ വിശദീകരണം