തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് പ്രതിപക്ഷ സംഘടനകള്‍. ശമ്പളം കൃത്യ സമയത്ത് ലഭിച്ചില്ലെങ്കില്‍ മെയ് 5ന് അര്‍ധരാത്രി മുതല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് യു.ഡി.എഫ് അനുകൂല ടി.ഡി.എഫും മെയ് 6 മുതല്‍ പണിമുടക്കെന്ന് ബി.എം.എസ് അനുകൂല മസ്‌ദൂർ സംഘും പ്രഖ്യാപിച്ചു. ർ
അതേസമയം ഏപ്രില്‍ 28ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്കില്‍ നിന്ന് സി.ഐ.ടി.യു പിന്‍മാറി. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം പതിവായി മുടങ്ങുന്ന സാഹചര്യത്തില്‍ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണമിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ എം.ഡി ബിജു പ്രഭാകര്‍ യൂണിയനുകളുടെ യോഗം വിളിച്ചിരുന്നു. ശമ്പളം കൃത്യമായി ലഭിച്ചേ മതിയാകു എന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് എം.ഡി ഉറപ്പു നല്‍കി.
എന്നാല്‍ ശമ്പളവും പെന്‍ഷനും എല്ലാ മാസവും 5-ാം തീയതിക്കുള്ളില്‍ ലഭിക്കണമെന്ന നിര്‍ദ്ദേശം യൂണിയനുകള്‍ മുന്നോട്ടു വച്ചു. അതേ സമയം ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂറാക്കി നിശ്ചയിച്ചു കൊണ്ടുള്ള എം.ഡിയുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ യൂണിയനുകള്‍ വ്യക്തമാക്കി.