തിരുവനന്തപുരം: ശാരാരിക വൈകല്യമുള്ളവര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതിയുമായി കെഎസ്ആര്‍ടിസി. സ്വയം വിരമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെഎസ്ആര്‍ടിസി ഭരണസമിതിയോഗം സിഎംഡി എംപി ദിനേശിനെ ചുമതലപ്പെടുത്തി.
ശാരീരിക അവശതയുള്ളവര്‍ക്ക് തസ്‌തിക മാറ്റം അനുവദിക്കാത്തത് വര്‍ഷം 1.5 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ശാരീരിക വൈകല്യമുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി സ്വയം വിരമിക്കാനുള്ള അവസരം നല്‍കുന്നത് വഴി ഈ തുക ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 260 കെഎസ്‌ആർടിസി ജീവനക്കാരാണ് ഈ വിഭാഗത്തിലുള്ളത്. ഡ്യൂട്ടിക്കിടെയുണ്ടാകുന്ന അപകടങ്ങളിലും രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നതുമായ ജീവനക്കാരാണിത്. ഇക്കാര്യത്തില്‍ നിയമോപദേശത്തിനും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്‌തുമാകും അന്തിമ തീരുമാനമെടുക്കുക.
മതിയായ യോഗ്യതയില്ലാതെ കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ തസ്‌തികയില്‍ തുടരുന്നവരെ ആസ്ഥാനത്ത് നിന്നും നീക്കാനും ഡയറക്‌ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സര്‍ക്കാരില്‍ നിന്നും ഭരണസമിതിയ്ക്ക് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. റഗുലര്‍ എംബിഎ ബിരുദമാണ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുടെ യോഗ്യതയായി നിര്‍ണയിച്ചിരിക്കുന്നത്. ഈ യോഗ്യതയില്ലാതെ അനര്‍ഹരായി തസ്‌തികയില്‍ തുടരുന്നവരെ തരംതാഴ്ത്തും. ഇവര്‍ക്ക് പകരമായി സര്‍ക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍മാരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനുമാണ് തീരുമാനം.