തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജൂൺ മാസത്തെ ശമ്പള വിതരണം ശനിയാഴ്‌ച(23.07.2022) മുതൽ ആരംഭിക്കുമെന്ന് മാനേജ്‌മെന്‍റ്. ഘട്ടം ഘട്ടമായാണ് ശമ്പളം വിതരണം ചെയ്യുക. ആദ്യ ഘട്ടത്തിൽ ഡ്രൈവർക്കും കണ്ടക്‌ടർക്കുമാണ് ശമ്പളം നൽകുക.
സർക്കാർ സഹായമായി ഇന്നലെ(20.07.2022) 50 കോടി രൂപ ലഭിച്ച സാഹചര്യത്തിലാണ് ശമ്പള വിതരണം ആരംഭിക്കുന്നത്. ശമ്പള വിതരണത്തിനായി 65 കോടി രൂപയാണ് മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് അറിയിച്ച ധനവകുപ്പ് ഈ അഭ്യർത്ഥന നിരസിച്ചിരുന്നു.
സർക്കാർ സഹായമില്ലാതെ ശമ്പളവിതരണം സാധ്യമാകില്ലെന്ന് തീർത്തും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചത്. കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപയാണ് വേണ്ടത്.
ജൂലായ് പകുതി കഴിഞ്ഞിട്ടും ജൂൺ മാസത്തെ ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജ്‌മെന്‍റ് പറഞ്ഞിരുന്നത്. നേരത്തെ മേയ് മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായാണ് വിതരണം ചെയ്‌തിരുന്നത്.