തിരുവനന്തപുരം: നിർബന്ധിത വിആർഎസ് (വോളന്‍ററി റിട്ടയർമെന്‍റ് സ്‌കീം) നടപ്പാക്കാനൊരുങ്ങി കെഎസ്ആർടിസി. ഇതിന്‍റെ ഭാഗമായി 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്‍റ് തയ്യാറാക്കി. 50 വയസ് പിന്നിട്ട ജീവനക്കാരുടെ പട്ടികയാണ് തയ്യാറാക്കിയത്.
വിആർഎസ് നടപ്പിലാക്കുന്നത്തോടെ ശമ്പള വിതരണ ചെലവ് 50 ശതമാനം കുറയുമെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തൽ. നിലവിൽ 82 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ഒരു മാസത്തെ ശമ്പള വിതരണത്തിനായി വേണ്ടത്. എന്നാൽ ഇത് 40 കോടിയോളം രൂപയായി കുറയുന്നത്തോടെ എല്ലാ മാസവും ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്.
വിആർഎസ് നടപ്പാക്കാൻ 1,080 കോടി രൂപയാണ് വേണ്ടത്. വിആർഎസ് നൽകി ജീവനക്കാരെ മാറ്റി നിർത്തുമ്പോൾ ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കും. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. ഇതിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിൽ നിലവിലുള്ളത്. ഇതിൽ നിന്ന് 7,200ഓളം ജീവനക്കാരെ മാറ്റി നിർത്തുമ്പോൾ അത് നിലവിലെ ശമ്പളവിതരണ പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ കണക്കുകൂട്ടൽ.
സ്വിഫ്റ്റിലേക്ക് പുതിയ സൂപ്പർ ഫാസ്റ്റ് ബസ്: കെഎസ്ആർടിസി സ്വിഫ്റ്റിലേക്ക് വാങ്ങിയ പുതിയ സൂപ്പർഫാസ്റ്റ് ബസ് ഇന്നലെ തിരുവനന്തപുരത്തെത്തിച്ചു. പുലർച്ചെ കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ആസ്ഥാനമായ ആനയറയിലാണ് ബസ് എത്തിച്ചത്. അശോക് ലെയ്‌ലാന്‍ഡില്‍ നിന്നാണ് മാനേജ്മെൻ്റ് ഡീസൽ ബസുകൾ വാങ്ങിയത്.
130 ബസുകൾക്കാണ് ഓർഡർ നൽകിയത്. ഇതിൽ ആദ്യത്തെ ബസാണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. രണ്ട് മാസത്തിനുള്ളിൽ ബാക്കി ബസുകള്‍ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ട്രയൽ റണ്ണും, രജിസ്ട്രേഷനും പൂർത്തിയായ ശേഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ ബഡ്‌ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഈ ബസ് ഉപയോഗിക്കുക. തുടർന്ന് മേയ് പകുതിയോട് കൂടി ബസുകൾ സർവീസ് ആരംഭിക്കും. കൂടുതല്‍ പഠനത്തിന് ശേഷമാകും ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കുള്‍പ്പടെ ബസ് ഉപയോഗിക്കുക.