തിരുവനന്തപുരം: സൂപ്പർ ക്ലാസ് ബസുകളുടെ കാലാവധി ഡിസംബറില്‍ തീരുന്ന സാഹചര്യത്തില്‍ ക്ഷാമം പരിഹരിക്കാന്‍ 50 ബസുകള്‍ വാടക കരാറിൽ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കേന്ദ്ര പദ്ധതിയായ ഫേമിന്‍റെ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്) സഹായത്താല്‍ 250 ഇലക്ട്രിക് ബസുകള്‍ കൂടി നിരത്തിലിറക്കാനും ആലോചനയുണ്ട്. എന്നാല്‍ ശമ്പള വിതരണം പൂര്‍ണമായി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിൽ വാടകക്കെടുത്ത് സര്‍വീസ് നടത്തുന്നതിനോട് ശക്തമായ വിയോജിപ്പാണ് തൊഴിലാളികൾക്കുള്ളത്. സൂപ്പര്‍ ക്ലാസ് അടക്കം വിവിധ ഇനങ്ങളിലെ 50 വാടക ബസുകള്‍ സാധ്യമാകും വേഗത്തില്‍ നിരത്തിലിറക്കി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി കിഫ്ബി ധനസഹായത്താല്‍ 3,000 പുതിയ ബസുകള്‍ വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കിഫ്ബി വായ്പ ലഭിക്കുന്നതിനായി രണ്ട് ശതമാനം പലിശയും ഡിപ്പോകള്‍ ഈടു നല്‍കണമെന്ന വ്യവസ്ഥയും കെഎസ്ആര്‍ടിസി അംഗീകരിച്ചില്ല. ഇതു മൂലം കഴിഞ്ഞ വര്‍ഷം ഒരു ബസ് പോലും നിരത്തിലിറങ്ങിയതുമില്ല. നേരത്തെയും കോർപ്പറേഷൻ വാടക ബസുകൾ നിരത്തിലിറക്കിയിരുന്നെങ്കിലും കരാർ കമ്പനിയുടെ വീഴ്ച മൂലം പല ബസുകളും പാതി വഴിയിൽ സർവീസ് മുടങ്ങി യാത്രക്കാർ പെരുവഴിയിലാവുന്ന അവസ്ഥയുമുണ്ടായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് അന്ന് കെഎസ്ആർടിസിക്കുണ്ടായത്.
അതേസമയം നിലവില്‍ ക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏഴുവര്‍ഷം പിന്നിട്ട ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകളുടെ കാലപരിധിയും അവസാനിക്കാറായിട്ടുണ്ട്. കാലപ്പഴക്കമുള്ള ഈ ബസുകള്‍ക്ക് ശേഷിക്കുന്ന 13 വര്‍ഷം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ നടത്താന്‍ കഴിയൂ. ശബരിമല സീസണുമായി ബന്ധപ്പെട്ട് പുതിയ ബസുകള്‍ വാങ്ങുകയും മണ്ഡല കാലത്തിന് ശേഷം ഇവ വിവിധ ഡിപ്പോകള്‍ക്കായി നല്‍കുകയുമായിരുന്നു പതിവ്. എന്നാല്‍ രണ്ട് വര്‍ഷത്തിലധികമായി ഈ പതിവും തെറ്റി. സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍പോലും പണമില്ലാതായതോടെ 1,500 ഓളം ബസുകള്‍ വിവിധ ഡിപ്പോകളിലായി കട്ടപ്പുറത്താണ്. ഇത് ശരിയാക്കാന്‍ നടപടിയെടുക്കുന്നതിന് പകരം വാടക ബസ് നിരത്തിലിറക്കാനുള്ള മാനേജ്മെന്‍റ് തീരുമാനത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം സഘടിപ്പിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ടാഴ്ചയിലധികമായി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ട്രാന്‍ എംപ്ലോയീസ് യൂണിയന്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്‍റെ പകുതി എട്ടാം തീയതി ലഭിച്ചെങ്കിലും ബാക്കി ഇത് വരെയും ആര്‍ക്കും ലഭിച്ചിട്ടില്ല. 20 കോടി രൂപ കൂടി ഉണ്ടെങ്കില്‍ മാത്രമേ കഴിഞ്ഞ മാസത്തെ ശമ്പളം പൂര്‍ണ്ണമായും വിതരണം ചെയ്യാനാവൂ. എല്ലാവർക്കും ശമ്പളം വിതരണം ചെയ്യാനായി 13 കോടി രൂപ കെ.എസ്.ആർ.ടി.സി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ മാസം നൽകിയ ധനസഹായത്തിൽ നിന്നും പിടിച്ച 5 കോടി മാത്രമേ നൽകാനാകൂവെന്ന് സർക്കാർ അറിയിച്ചു. ഇതിനെ തുടർന്ന് 5 കോടി തല്‍ക്കാലെ കടമെടുത്ത് ശമ്പളം നൽകാനാണ് മാനേജ്മെന്റിന്റെ ശ്രമം.