തിരുവനന്തപുരം : ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവുമായി കെഎസ്ആർടിസി. 140 കിലോമീറ്ററിന് മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്കാണ് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കെഎസ്ആർടിസി പുതുതായി സർവീസ് നടത്തുന്ന ദീർഘദൂര സർവീസുകൾക്കൊപ്പം നിയമം ലംഘിച്ച് സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് മൂലം കനത്ത നഷ്‌ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്.
മാത്രമല്ല, കെഎസ്ആർടിസി ബസുകൾക്ക് മുൻപേ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അംഗീകൃത ടിക്കറ്റ് നിരക്കുകൾ പാലിക്കാതെ അനധികൃതമായാണ് നിരക്കുകൾ ഈടാക്കുന്നതെന്നും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ ആകർഷിക്കുന്നതിനും നഷ്‌ടം നികത്തുന്നതിനുമായി നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്നും മാനേജ്മെൻ്റ് അറിയിച്ചു. യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലാണ് പുതിയ നിരക്ക് ഇളവെന്നും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, കെഎസ്‌ആർടിസി മുൻജീവനക്കാരുടെ പെൻഷൻ ഈ മാസം 18നകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 140 കോടി രൂപ നൽകിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ അറിയിച്ചു. പെൻഷൻ വിതരണം മുടങ്ങിയത് ചൂണ്ടിക്കാട്ടി വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്.
കഴിഞ്ഞ രണ്ട് മാസമായി കെഎസ്‌ആർടിസിയിൽ പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. സഹകരണ, ധനകാര്യ വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് കാരണം. സർക്കാരിന്‍റെ ഉറപ്പിൽ സഹകരണ വകുപ്പാണ് കെഎസ്‌ആർടിസി ജീവനക്കാർക്ക് പെൻഷൻ വിതരണം നടത്തുന്നത്. എന്നാൽ നൽകുന്ന പണത്തിന് പലിശ വർധിപ്പിക്കണമെന്ന് സഹകരണ വകുപ്പ് ആവശ്യപ്പെടുകയും കരാർ പ്രകാരം ജൂൺ മാസം വരെ പലിശ കൂട്ടാനാകില്ലെന്ന് ധനവകുപ്പ് നിലപാട് എടുക്കുകയുമായിരുന്നു.
അതേസമയം, കെഎസ്ആർടിസിയുടെ പുതിയ ഡയറക്‌ടർ ബോർഡ് അംഗമായി മഹുവ ആചാര്യയെ ഗതാഗത മന്ത്രി ആന്‍റണി രാജു നാമനിർദേശം ചെയ്‌തു. കേന്ദ്ര സർക്കാർ സ്ഥാപനമായ കൺവേർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (CESL) മുൻ മാനേജിങ് ഡയറക്‌ടർ ആണ് മഹുവ ആചാര്യ. നേരത്തെ കെഎസ്ആർടിസിയുടെ ജോയിന്‍റ് മാനേജിംഗ് ഡയറക്‌ടറായി ചുമതലയേറ്റ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിനെയും ഡയറക്‌ടർ ബോർഡ് അംഗമായി നാമനിർദേശം ചെയ്‌തിട്ടുണ്ട്. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം.
പ്രഗൽഭരായ പ്രൊഫഷണലുകളെ കെഎസ്ആർടിസിയിൽ കൊണ്ടുവരുന്നതിന്‍റെ ഭാഗമാണ് നിയമനം. മഹുവ ആചാര്യ നാഷനൽ ബസ് പ്രോഗ്രാമിന്‍റെ ഭാഗമായി തുടക്കത്തിൽ 5,450 ഇലക്ട്രിക് ബസുകളും അതിനു ശേഷം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് 2,400ഓളം ബസുകളും ലീസിനെടുത്ത സിഇഎസ്എല്ലിന്‍റെ മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു. മഹുവ ആചാര്യ തയ്യാറാക്കിയ പദ്ധതിയിലൂടെ ഇ-ബസുകൾ 40 മുതൽ 60 ശതമാനം വരെ കുറഞ്ഞ വാടകയ്ക്കാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്.
Also read: കെഎസ്‌ആര്‍ടിസി പുതിയ ഡയറക്‌ടറായി മഹുവ ആചാര്യ; നിയമനം സുശീൽ ഖന്ന റിപ്പോർട്ടിനെ തുടര്‍ന്ന്