തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC) സ്വിഫ്‌റ്റ് സിറ്റി സര്‍ക്കുലര്‍ ഇലക്‌ട്രിക്ക് ബസിന്‍റെ വളയം പിടിക്കാന്‍ ഒരുങ്ങുകയാണ് നാല് വനിതകള്‍. തൃശൂർ അന്തിക്കാട് സ്വദേശി ശ്രീക്കുട്ടി, മലപ്പുറം സ്വദേശി ഷീന സാം, തൃശൂർ സ്വദേശി ജിസ്‌ന ജോയി, തിരുവനന്തപുരം സ്വദേശി അനില എന്നിവരാണ് നിലവില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നത്. രണ്ടാഴ്‌ചത്തെ പരിശീലനം പൂര്‍ത്തിയായ ശേഷമാണ് ഇവരുടെ നിയമനം നടത്തുക.
കഴിഞ്ഞ ഏപ്രിൽ 29-നായിരുന്നു സ്വിഫ്റ്റ് ബസുകളിൽ കരാര്‍ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയോഗിക്കാൻ എംഡി ബിജു പ്രഭാകർ ഉത്തരവിറക്കിയത്. ബിജു പ്രഭാകറും സ്വിഫ്റ്റ് മാനേജ്മെന്‍റ് ബോർഡും ചേർന്ന നടത്തിയ സംയുക്ത യോഗത്തിലായിരുന്നു ഇതില്‍ അന്തിമ തീരുമാനമുണ്ടായത്. ദിവസ വേതന വ്യവസ്ഥയിലാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്.
എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാണ് ഇവര്‍ക്ക് വേതനം നല്‍കാന്‍ തീരുമാനിച്ചത്. കൂടാതെ, ഇവര്‍ക്ക് അര്‍ഹമായ ഇന്‍സെന്‍റീവ്, അലവന്‍സുകള്‍, ബാറ്റ എന്നിവയും നല്‍കും. ഇതിന് പുറമെ സൈൻ ഇൻ, സൈൻ ഓഫ് അടക്കമുള്ള എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികം വരുന്ന ഓരോ മണിക്കൂറിനും 130 രൂപ നിരക്കിൽ അധിക സമയത്തിന് ആനുപാതികമായി വേതനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ആനവണ്ടിയുടെ വളയം പിടിക്കാനൊരുങ്ങുന്ന നാല് പേര്‍ : തൃശ്ശൂർ അന്തിക്കാട് സ്വദേശിയായ ശ്രീക്കുട്ടി സഹോദരീ ഭർതൃസഹോദരന്‍റെ ടോറസ് ലോറി ഓടിച്ചാണ് ഹെവി വാഹനങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് സ്വായത്വമാക്കുന്നത്. ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ശ്രീക്കുട്ടിയെ ഇന്ന് കൊണ്ടെത്തിച്ചത് കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവിങ് സീറ്റിലാണ്.
വസ്‌ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന ശ്രീക്കുട്ടി അഞ്ച് മാസം മുൻപാണ് ജോലി ഉപേക്ഷിച്ചത്. ഒറ്റക്കാരണം, ഹെവിവാഹനങ്ങളോടുള്ള പ്രണയം. 2016ലാണ് ശ്രീക്കുട്ടി ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് സ്വന്തമാക്കിയ ശ്രീക്കുട്ടി 2022ൽ ഹെവി ലൈസൻസും സ്വന്തമാക്കി. ഹെവി വാഹനങ്ങളോടുള്ള ഇഷ്ടം തന്നെയാണ് മലപ്പുറം സ്വദേശി ഷീന സാമിനെയും ഈ മേഖലയിലേക്കെത്തിച്ചത്. ഭർത്താവ് സാമിന്‍റെ ടിപ്പർ ലോറി ഓടിച്ചാണ് ഷീന ഹെവി വാഹനം ഓടിക്കാൻ പഠിച്ചത്.
പരിശീലത്തിന് ശേഷം ഡ്രൈവിങിലേക്ക്: കെഎസ്ആർടിസിയുടെ അനന്തപുരി ബസിലാണ് നിലവിൽ ഇവരുടെ പരിശീലനം. ഇതിന് ശേഷം ഇലക്ട്രിക് ബസ് ഓടിക്കാനുള്ള പരിശീലനവും നൽകും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിശീലനം വൈകിട്ട് 5 മണി വരെയാണ്. ആദ്യം ഇവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ക്ലാസാണ് നല്‍കുക. രാവിലെ 10:30 വരെയാണ് ക്ലാസ്. തുടര്‍ന്നാണ് ഡ്രൈവിങ് പരിശീലനം ആരംഭിക്കുക. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ ഷീല, ഡ്രൈവർ ട്രെയിനർ സനൽ കുമാർ, റെജു, മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
Also Read : KSRTC | ഒപ്പിട്ട് മുങ്ങുന്നവര്‍ക്ക് 'പണികിട്ടും' ; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി സിഎംഡി