തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസുകൾ ആരംഭിച്ച് ഒരാഴ്‌ച പിന്നിടുമ്പോൾ മികച്ച കളക്ഷന്‍ വരുമാനമെന്ന് കണക്കുകൾ. സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 17 വരെയുള്ള കണക്ക് പ്രകാരം 35,38,291 രൂപയാണ് വരുമാനം. അതേസമയം സ്വിഫ്റ്റ് സർവീസ് ലാഭകരമാണോയെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നാണ് മാനേജ്മെൻ്റ് വ്യക്തമാക്കുന്നത്.
ഏപ്രിൽ 11 മുതൽ 17 വരെ 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകൾ സർവീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സർവീസിലാണ് കൂടുതൽ കളക്ഷൻ നേടിയത്. ആദ്യഘട്ടത്തിൽ സ്വിഫ്റ്റിൻ്റെ 30 ബസുകളാണ് കെഎസ്ആർടിസിക്കുവേണ്ടി സർവീസ് നടത്തുന്നത്.
അതിനിടെ സർവീസ് ആരംഭിച്ച ആദ്യ ദിനം മുതൽ തന്നെ സ്വിഫ്റ്റ് ബസുകൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് ജീവനക്കാർക്കെതിരെ മാനേജ്മെൻ്റ് കർശന നടപടിയും സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് സ്വിഫ്റ്റ് സർവീസുകൾ നേട്ടം കൊയതത്.
സ്വിഫ്റ്റിൻ്റെ 100 ബസുകളുടെ കൂട്ടത്തിൽ 8 വോൾവോ എസി സ്ലീപ്പർ ബസുകളും, 20 എ.സി സെമി സ്ലീപ്പർ ബസുകളും 72 നോൺ എ.സി ബസുകളുമാണുള്ളത്. വോൾവോ ബസുകൾ ഇതിനോടകം സർവീസിൻ്റെ ഭാഗമായി കഴിഞ്ഞു.