തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള കൺസഷൻ സംബന്ധിച്ച വിവരങ്ങളും കൺസഷനായി ഹാജരാക്കേണ്ട രേഖകളെ കുറിച്ചുള്ള വിവരങ്ങളും വിശദീകരിച്ച് കെഎസ്ആർടിസി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍(എയ്‌ഡഡ്), സ്പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ വൈദഗ്‌ധ്യം നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധി ബാധകമാക്കാതെ കണ്‍സഷന്‍ ടിക്കറ്റ് നിലവിലെ രീതിയില്‍ സൗജന്യമായി തന്നെ അനുവദിക്കും.
ഇതിനായി ഒറിജിനല്‍ സ്‌കൂള്‍ ഐഡി കാര്‍ഡും പകര്‍പ്പും സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോമും കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ആദ്യ തവണ പ്രോസസിങ് ചാര്‍ജും സ്റ്റേഷനറി ചാര്‍ജും വിദ്യാര്‍ഥിയുടെ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പുമാണ് ഹാജരാക്കേണ്ടത്. സെല്‍ഫ് ഫിനാന്‍സിങ് കോളജ്, സ്വകാര്യ അണ്‍എയ്‌ഡഡ് സ്‌കൂളുകളിലെ ബിപിഎല്‍ പരിധിയില്‍വരുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ സൗജന്യമായി അനുവദിക്കും.
ഇതിനായി വിദ്യാര്‍ഥിയുടെ പേര് ഉള്‍പ്പെട്ട ബിപിഎല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ഒറിജിനല്‍ സ്‌കൂള്‍ ഐഡി കാര്‍ഡും പകര്‍പ്പും, സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം, കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആദ്യ തവണ പ്രോസസിങ് ചാര്‍ജ്, സ്റ്റേഷനറി ചാര്‍ജ് എന്നിവയാണ് ഹാജരാക്കേണ്ടത്. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ കോളജുകള്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ ഇന്‍കംടാക്‌സ്, ഐറ്റിസി (ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്/ ജിഎസ്‌ടി) എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മുന്‍കാലത്തെ പോലെ കണ്‍സഷന്‍ അനുവദിക്കും.
ഇതിനായി ഇന്‍കംടാക്‌സ്, ഐടിസി/ജിഎസ്‌ടി എന്നിവ നല്‍കുന്നില്ല എന്നത് സംബന്ധിച്ച മാതാപിതാക്കളുടെ സത്യവാങ്‌മൂലം മാതാപിതാക്കളുടെ പാന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ഒറിജിനല്‍ കോളജ് ഐഡി കാര്‍ഡ്, കോളജ് മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കണ്‍സഷന്‍ നിരക്കും സ്റ്റേഷനറി ചാര്‍ജും വിദ്യാര്‍ഥിയുടെ പേര് ഉള്‍പ്പെട്ട എപിഎൽ/ബിപിഎൽ കാര്‍ഡിന്‍റെ പകര്‍പ്പ് എന്നിവയാണ് ഹാജരാക്കേണ്ടത്. നിലവിലെ മാർഗനിർദേശ പ്രകാരം സെല്‍ഫ് ഫിനാന്‍സിങ് കോളജുകളിലെയും സ്വകാര്യ അണ്‍എയ്‌ഡഡ് സ്‌കൂളുകളിലെയും എപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നിലവിലെ യാത്ര നിരക്കിന്‍റെ 30 ശതമാനം ഇളവിലാണ് കൺസഷൻ അനുവദിക്കുന്നത്.
ഇതിനായി യഥാര്‍ഥ ടിക്കറ്റ് നിരക്കിന്‍റെ 35 ശതമാനം തുക സകൂളോ കോളജോ വഹിക്കണം. യഥാര്‍ഥ ടിക്കറ്റ് നിരക്കിന്‍റെ 35 ശതമാനം തുക വിദ്യാര്‍ഥികളുടെ രക്ഷിതാവ് വഹിക്കണം. സ്‌കൂള്‍, കോളജ് ഐഡി കാര്‍ഡും പകര്‍പ്പും, സ്‌കൂള്‍ കോളജ് മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (കോളജ്, ഐറ്റിഐ), കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്റ്റേഷനറി ചാര്‍ജ് എന്നിവയാണ് ഹാജരാക്കേണ്ടത്.
അതേസമയം കണ്‍സഷന് അര്‍ഹതയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നിലവിലെ യാത്ര നിരക്കിന്‍റെ 30 ശതമാനം ഇളവിലാകും കൺസഷൻ അനുവദിക്കുക. ഇതിനായി സ്‌കൂള്‍, കോളജ് ഐഡി കാര്‍ഡും പകര്‍പ്പും, സ്‌കൂള്‍, കോളജ് മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (കോളജ്, ഐറ്റിഐ), കാര്‍ഡ് ഒന്നിന് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യാത്ര നിരക്കിന്‍റെ 70 ശതമാനവും സ്റ്റേഷനറി ചാര്‍ജുമാണ് ഹാജരാക്കേണ്ടത്. പുതുക്കിയ മാർഗനിർദേശ പ്രകാരം വിദ്യാര്‍ഥി കണ്‍സഷന്‍ നല്‍കുന്നതിനുള്ള പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്തിയിട്ടുണ്ടെന്നും മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.