തിരുവനന്തപുരം: ശമ്പളം കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു. വ്യാഴാഴ്‌ച (05.05.22) അര്‍ദ്ധ രാത്രിയാരംഭിച്ച പണിമുടക്ക് വെള്ളിയാഴ്‌ച (06.05.22) അര്‍ദ്ധ രാത്രി വരെ തുടരും. മെയ് 5 ന് മുമ്പ് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ്, ബിഎംഎസ് എന്നി സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. സമരം നേരിടാൻ മാനേജ്മെന്‍റ് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
എഐടിയുസി പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്. അതേ സമയം സിഐടിയു സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ക്ക് സമരത്തോട് അനുഭാവമുണ്ട്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രാവിലെ ഒന്‍പത് മണി വരെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിട്ടില്ല. തിരുവനന്തപുരം നഗരത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്.
സംസ്ഥാനത്ത് ആദ്യ സ്പെല്ലില്‍ 3400 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യേണ്ടിടത്ത് 50 ല്‍ താഴെ ഷെഡ്യൂകള്‍ മാത്രമാണ് തുടങ്ങിയത്. ഇതോടെ കെഎസ്‌ആർടിസിയെ കൂടുതലായി ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളിലും മലയോര മേഖലകളിലുമുള്ള യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്.
ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസവും കെഎസ്‌ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും ജീവനക്കാരും സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ശമ്പള പ്രതിസന്ധി പരിഹരിക്കാനായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അംഗീകൃത ട്രേഡ് യൂണിയനുകളുമായി ഏപ്രില്‍ 25 ന് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളവും ലഭിച്ചിരുന്നു. എന്നാല്‍ എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് ജീവനക്കാരും പ്രതിപക്ഷ സംഘടനകളും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മാസവും സംഘടനകള്‍ സമരം നടത്തുന്നത്.
also read: ശമ്പള പ്രതിസന്ധി: കെഎസ്ആർടിസി യൂണിയനുകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്