തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ രണ്ട് ദിവസം നടത്തിയ സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്ക് 9.4 കോടി രൂപയുടെ നഷ്‌ടം. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നതിനിടയിൽ തൊഴിലാളികളുടെ 48 മണിക്കൂര്‍ സമരം നഷ്‌ടത്തിലോടുന്ന കെ.എസ്.ആര്‍.ടിയ്ക്ക് ഇരട്ടി പ്രഹരമാണ് ഏൽപ്പിച്ചത്. ദിവസം 3600 സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സമര ദിനങ്ങളില്‍ നടത്തിയത് 268 സർവീസുകൾ മാത്രമാണ്.
ആവശ്യം ശമ്പള പരിഷ്‌കരണം
ഒമ്പത് വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സിഐടിയു, ബിഎംഎസ്, ടിഡിഎഫ്, എഐടിയുസി എന്നീ സംഘടനകളായിരുന്നു സമരം നടത്തിയത്. ഇതില്‍ സിഐടിയു, ബിഎംഎസ്, എന്നി സംഘടനകളുടെത് 24 മണിക്കൂറും മറ്റ് സംഘടനകൾ 48 മണിക്കൂറുമാണ് സമരം നടത്തിയത്.
സമരം അവസാനിച്ചതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിച്ചിട്ടുണ്ട്. ഒരുദിവസം മൂന്നു കോടി 60 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്ന ശരാശരി വരുമാനം. ഇതില്‍ ഒരു കോടി 80 ലക്ഷം രൂപ ഇന്ധന ചെലവാണ്.
വൈദ്യുതി, അനുബന്ധ ചെലവുകള്‍ 30 ലക്ഷം രൂപ വരും. അവശേഷിക്കുന്ന ഒന്നര കോടി രൂപയാണ് വരുമാനമായി കണക്കാക്കുന്നത്. എന്നാല്‍, വരുമാനത്തിലുമേറെയാണ് ഇതിന്മേലുള്ള ചെലവുകള്‍. ശമ്പളം നല്‍കാന്‍ മാത്രം ഒരുദിവസം 2 കോടി 80 ലക്ഷം വേണം.
ശമ്പളം നഷ്‌ടമാകും
അതേസമയം, സമരത്തില്‍ പങ്കെടുത്ത് ജോലിക്കെത്താതിരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി ഡയസ്‌നോണ്‍ ബാധകമാകുമെന്ന് കെ.എസ്.ആര്‍.ടി.സി എംഡി അറിയിച്ചു. ഡയസ്നോണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തൊഴിലാളികള്‍ക്ക് രണ്ടു ദിവസത്തെ ശമ്പളം നഷ്‌ടമാകും.
ജീവനക്കാര്‍ പണിമുടക്കിയെങ്കിലും തൊഴിലാളികളുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്; സർക്കാരിനോട് വിശദീകരിച്ച് പിസിസിഎഫ്