തിരുവനന്തപുരം: ട്രാവൽ കാർഡ് കാമ്പയിനുമായി കെഎസ്ആർടിസി. ട്രാവൽ കാർഡുകൾ വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ ഇന്ന് നടന്ന കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കെഎസ്‌ആർടിസി കൊമേര്‍ഷ്യല്‍ വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് സിവിൽ സ്റ്റേഷനിൽ പ്രചാരണം സംഘടിപ്പിച്ചത്.
200 കാർഡുകളാണ് കാമ്പയിന്‍റെ ഭാഗമായി വിതരണം ചെയ്‌തത്. പേരും മൊബൈൽ നമ്പറും ഒപ്പം 100 രൂപയും നൽകിയാൽ ട്രാവൽ കാർഡുകൾ കൈയില്‍ കിട്ടും. ടിക്കറ്റ് വാങ്ങുന്നതിന് പണം നൽകുന്നതിന് പകരമായി കാർഡുകൾ ഉപയോഗിക്കാം. ട്രാവൽ കാർഡുകൾ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഫീഡർ ബസ്, സർവീസ് ആരംഭിച്ച സാഹചര്യത്തിൽ കൂടിയാണ് ഇവയുടെ വിതരണം കെഎസ്ആർടിസി ഊർജിതമാക്കുന്നത്.
ഒരു കാര്‍ഡില്‍ 'ഫാമിലി ട്രിപ്പ്'..!: ട്രാവൽ കാർഡുകളിൽ 50 രൂപ മുതൽ റീചാർജ് ലഭ്യമാണ്. ഒരു സമയം പരമാവധി 2,000 രൂപ വരെ റീചാർജ് ചെയ്യാം. കെഎസ്‌ആർടിസിയുടെ ഫീഡർ ബസ്, സിറ്റി സർക്കുലർ സർവീസ്, സിറ്റി ഷട്ടിൽ സർവീസുകൾ എന്നിവയിലാണ് നിലവിൽ കാർഡ് ഉപയോഗിക്കാൻ കഴിയുന്നത്. രണ്ടുമാസത്തിനകം എല്ലാ സർവീസുകളിലും ട്രാവൽ കാർഡ് ഉപയോഗം വ്യാപകമാക്കാനാണ് മാനേജ്മെന്‍റ് നീക്കം. 250 രൂപ മുതൽ 2,000 രൂപ വരെ റീചാർജ് ചെയ്യുമ്പോൾ 10 ശതമാനം തുകയുടെ സൗജന്യ യാത്ര കൂടി ലഭിക്കും.
ആർഎഫ്‌ഐഡി സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ സുരക്ഷാസംവിധാനങ്ങളോട് കൂടിയതാണ് ട്രാവൽ കാർഡുകൾ. കെഎസ്‌ആർടിസി ബസുകളിലെ കണ്ടക്‌ടർമാർ തന്നെയാണ് സ്‌മാര്‍ട്ട് കാർഡുകൾ റീചാർജ് ചെയ്‌ത് നൽകുന്നതും. ഒരു ട്രാവൽ കാർഡ് എടുത്ത് കഴിഞ്ഞാൽ കുടുംബത്തിൽ എല്ലാവർക്കും അത് ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. 200 കാർഡുകളാണ് കാമ്പയിന്‍റെ ഭാഗമായി വിതരണം ചെയ്‌ത്.