തിരുവനന്തപുരം: ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ആണ് പണിമുടക്ക് നടത്തുന്നത്.
പകുതിയിലധികം സർവീസുകൾ സമരത്തെ തുടർന്ന് റദ്ദാക്കി. തിരുവനന്തപുരത്ത് ഇരുന്നൂറോളം സർവീസുകൾ റദ്ദാക്കിയതോടെ യാത്ര ക്ലേശം രൂക്ഷമായി. ഉൾനാടൻ മേഖലയെയാണ് സമരം ഏറെ ദുരിതത്തിലാക്കിയത്. നെടുമങ്ങാട്, നെയ്യാറ്റിൻകര, പാറശ്ശാല, കാട്ടാക്കട തുടങ്ങിയ ഡിപ്പോകളിൽ നിരവധി സർവീസുകൾ റദ്ദാക്കി. നെടുമങ്ങാട് സമരാനുകൂലികൾ ഡ്രൈവറെ മർദിച്ചു.
വയനാട് ജില്ലയിൽ ഗ്രാമീണ മേഖലകളിലാണ് പണിമുടക്ക് ഏറെ ക്ലേശം സൃഷ്‌ടിച്ചത്. ജില്ലാ ഡിപ്പോയായ ബത്തേരിയിൽ സർവീസ് നടന്നില്ല. 100 സർവീസുകളാണ് ഡിപ്പോയിലുള്ളത്. മാനന്തവാടിയിലെ 63 സർവീസുകളിൽ 13 സർവീസുകളും, കൽപ്പറ്റയിൽ 12 സർവീസുകളും മാത്രമാണ് നടന്നത്. ഇതിനിടെ ബത്തേരി ഡിപ്പോയിൽ കോഴിക്കോട്ടേക്ക് ജോലിക്ക് പോകാൻ ബസിൽ ഇരിക്കുകയായിരുന്ന യാത്രക്കാരനെ സമരക്കാർ കയ്യേറ്റം ചെയ്തു. സമരക്കാർ തടയാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് കയ്യേറ്റം നടന്നത്.
കൊല്ലം ജില്ലയിൽ ഇരുന്നൂറിലധികം സർവീസുകൾ മുടങ്ങി. ചടയമംഗലത്ത് സർവീസ് നടന്നില്ല. കൊട്ടാരക്കരയിൽ സർവീസ് തടഞ്ഞ 13 ഐ.എൻ.ടി.യു.സി പ്രവർത്തകർ അറസ്റ്റിലായി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കൊല്ലം ഡിപ്പോയിൽ 75 സർവീസുകളാണ് മുടങ്ങിയത്. എറണാകുളത്തും പണിമുടക്ക് കാര്യമായി ബാധിച്ചു. പ്രധാന ഡിപ്പോയിലും ആലുവയിലുമായി 82 സർവീസുകൾ മുടങ്ങി. മലപ്പുറം ജില്ലയിൽ 69 സർവീസുകളാണ് മുടങ്ങിയത്. വിവിധ ഡിപ്പോകളിലായി ജീവനക്കാർ പ്രതിഷേധം തുടരുകയാണ്.
കോട്ടയം ജില്ലയെയും പണിമുടക്ക് സാരമായി ബാധിച്ചു. വിവിധ ഡിപ്പോകളിൽ നിന്നായി 169 സർവീസുകൾ മുടങ്ങി. ജില്ലയിൽ ഈരാറ്റുപേട്ട ഡിപ്പോയെയാണ് പണിമുടക്ക് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. പാലാ ഡിപ്പോയിൽ 52 സർവ്വീസുകൾ, എരുമേലിയിൽ 25, കോട്ടയം-പൊൻകുന്നം ഡിപ്പോകളിൽ നിന്നായി 20 എന്നിങ്ങനെ സർവീസുകൾ മുടങ്ങി. ചങ്ങനാശ്ശേരിയിൽ നിന്ന് ഏഴ് സർവീസുകൾ മുടങ്ങിയപ്പോൾ വൈക്കത്ത് നിന്നും രണ്ട് സർവീസുകൾ മാത്രമാണ് തുടങ്ങിയത്.
കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന ഉൾനാടൻ ഗ്രാമപ്രദേശങ്ങളെയാണ് പണിമുടക്ക് കൂടുതൽ ബാധിച്ചത്. കെഎസ്ആര്‍ടിസി ബസുകളെ കൂടുതല്‍ ആശ്രയിക്കുന്ന തലനാട്, കൈപ്പള്ളി, ചേന്നാട്, പറത്താനം മേഖലകളിൽ യാത്രാസൗകര്യമില്ലാതെ ആളുകൾ വലഞ്ഞു. കോട്ടയത്ത് നിന്നുള്ള കുമളി, എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെയും സമരം ബാധിച്ചു.
തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡി.എ കുടിശിക നല്‍കുക, തടഞ്ഞുവച്ച പ്രമോഷനുകള്‍ അനുവദിക്കുക, വാടക ബസുകള്‍ ഒഴിവാക്കി പുതിയത് വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. സർവീസുകള്‍ മുടങ്ങുന്ന സമരരീതി ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമുണ്ടായില്ല. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹാചര്യത്തില്‍ തൊഴിലാളികള്‍ സഹകരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം.
സമരത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവധി അനുവദിക്കണമെങ്കില്‍ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണെന്ന് നിര്‍ദ്ദേശമുണ്ട്. ഇടതു സംഘടനകളും ബി.എം.എസും സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.