തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ജീവനക്കാരൻ കുഴഞ്ഞു വീണു. പാറശ്ശാല ഡിപ്പോയിലെ ഇൻസ്‌പെക്‌ടർ പിജെ മോൻസിങാണ് ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണത്. മാനേജ്മെന്‍റിന്‍റെ മാനസിക സമ്മർദം സഹിക്കാനാവാതെയാണ് ഇയാള്‍ കുഴഞ്ഞുവീണതെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
മോൻസിങ്ങിനെ പാറശാല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് പാറശ്ശാല ഡിപ്പോയിലാണ്. ഇതു പ്രകാരം 22 ഡബിൾ ഡ്യൂട്ടിയും 15 ഒന്നര ഡ്യൂട്ടിയുമായിരുന്ന സ്ഥാനത്ത് ഇപ്പോൾ 62 സിംഗിൾ ഡ്യൂട്ടിയാണ് ചെയ്യേണ്ടത്. എന്നാൽ പദ്ധതി നടപ്പിലാക്കാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്ന് ഡിപ്പോ അധികൃതർ അറിയിച്ചിരുന്നു.
സർവീസിന് ആവശ്യമായ ജീവനക്കാരെ നൽകാമെന്ന് മാനേജ്മെന്‍റ് നൽകിയ ഉറപ്പിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. എന്നാല്‍ മാനേജ്മെന്‍റിന്‍റെ ഉറപ്പ് പാഴ്‌വാക്കായി. ആദ്യ ദിവസം എംപാനൽ ജീനക്കാരെ ഡ്യൂട്ടിക്ക് അയച്ചിരുന്നു.
അടുത്ത ദിവസം മുതൽ എംപാനൽ ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാണമെന്ന് മാനേജ്മെന്‍റ് അറിയിച്ചതോടെ സ്ഥിതിഗതികൾ അവതാളത്തിലായി. തുടർന്ന് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം 62 ഷെഡ്യൂളുകൾ 55 ആയി വെട്ടികുറച്ചു. ജീവനക്കാരിൽ പലരും മെഡിക്കൽ അവധിയിൽ ആയതിനാൽ സർവീസുകൾ പലതും വീണ്ടും മുടങ്ങി.
ഇന്ന് രാവിലെ 39 സിംഗിൾ ഡ്യൂട്ടി സർവീസാണ് ആരംഭിച്ചത്. തുടർന്ന് യാത്രാ ക്ലേശം രൂഷമായി. ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയത് മുതൽ വരുമാനത്തിൽ ഗണ്യമായ കുറവാണ് വന്നത്.