തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC) യില്‍ ശമ്പളം നൽകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നൽകിയ തീയതി ഇന്ന് അവസാനിക്കും. ശമ്പളം നൽകാനായി ധനവകുപ്പ് (finance department) 40 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ജീവനകാര്‍ക്ക് ഇന്നലെ വൈകിയും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം ലഭിച്ചില്ലെങ്കില്‍ വരുന്ന ശനിയാഴ്‌ച പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയനുകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഓണത്തിന് അലവന്‍സ് തുക നിശ്ചയിക്കാനാണ് ഇന്ന് തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്‍റും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. 2750 രൂപ അലവന്‍സ് വേണമെന്നായിരുന്നു തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓണം പോലെ അലവന്‍സ് ഇല്ലാത്ത സാഹചര്യം ഒഴിവാക്കണമെന്നും അലവന്‍സ് തീര്‍ച്ചയായും നൽകണമെന്നും മാനേജ്‌മെന്‍റിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നത്തെ ചര്‍ച്ചയിലാകും അലവന്‍സ് തുക എത്രയാകുമെന്ന് വ്യക്തമാവുക. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റിന് നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നൽകിയ ഉറപ്പുകള്‍ പാലിച്ചാല്‍ മാത്രമേ പണിമുടക്ക് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കൂ എന്നായിരുന്നു കഴിഞ്ഞ തവണ നടന്ന മന്ത്രിതല ചര്‍ച്ചയില്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധകള്‍ വ്യക്തമാക്കിയിരുന്നത്.
ഇന്ന് വൈകിട്ട് നാല് മണിക്കാണ് ചര്‍ച്ച. ധനവകുപ്പ് അനുവദിച്ച 40 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷമായിരിക്കും തുക ജീവനകാര്‍ക്ക് വിതരണം ആരംഭിക്കുക. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതിനാല്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ശമ്പളം പണമായി തന്നെ നല്‍കണമെന്ന് കര്‍ശന നിലപാടെടുത്ത ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സിംഗിള്‍ ബെഞ്ച് കൂപ്പണ്‍ രീതി അനുവദിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. ധനസഹായം നല്‍കിയാലെ ശമ്പളം വിതരണം ചെയ്യാനാകുവെന്ന് സര്‍ക്കാരിനറിയാം. പിന്നെന്തിനാണ് സഹായം നല്‍കുന്നത് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്നും ഒരു ഘട്ടത്തില്‍ കോടതി ചോദ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഓണത്തിന് ശമ്പളം നല്‍കാമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ പോവുകയാണ് സര്‍ക്കാര്‍ ചെയ്‌തത്. പിന്നീട് ശമ്പളം പണമായും കൂപ്പണായും നല്‍കാമെന്ന തീരുമാനമെടുത്തെങ്കിലും അത് പരാജയപ്പെട്ടിരുന്നു.
ജീവനക്കാര്‍ തലങ്ങും വിലങ്ങും വാഹനം ഓടിക്കുകയാണ്. മൂന്ന് മന്ത്രിമാര്‍ ചേര്‍ന്ന് ഉന്നതതലയോഗം ചേര്‍ന്നതെന്തിനാണ്. പത്ത് കോടി രൂപ തരില്ലെന്നറിയിക്കാനാണോയെന്നും സിംഗിള്‍ ബെഞ്ച് പരിഹസിച്ചു. എന്തുകൊണ്ട് സര്‍ക്കാരിന് കെഎസ്ആര്‍ടിസിക്ക് പണം നല്‍കാന്‍ കഴിയുന്നില്ല. പലതവണ കോടതി ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നതില്‍ ഹൃദയ വേദനയുണ്ട്.
80 കോടി രൂപയാണ് ശമ്പളം മുഴുവനും കൊടുത്തുതീര്‍ക്കാനായി വേണ്ടത്. 30 കോടി രൂപ ശമ്പളയിനത്തിലും അലവന്‍സായി പത്ത് കോടി രൂപയും ആവശ്യമാണെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവന്‍ ഒരുമിച്ച് നല്‍കണമെന്ന് യൂണിയന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകുന്നതെന്നും കെഎസ്ആര്‍ടിസി നിലപാടെടുത്തു.
കെഎസ്ആര്‍ടിസിക്ക് 40 കോടി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉടനറിയിക്കാനാവശ്യപ്പെട്ട ഹൈക്കോടതി ശമ്പളം/പെന്‍ഷന്‍ വിഷയങ്ങളിലുള്ള ഹര്‍ജികള്‍ വ്യാഴാഴചത്തേക്ക് മാറ്റി.