തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. നേരത്തെ അനുവദിച്ച 30 കോടിക്ക് പുറമെയാണിത്. ആവശ്യപ്പെട്ട 50 കോടിയും ധനവകുപ്പ് അനുവദിച്ച സാഹചര്യത്തിൽ 37 കോടി ഓവർ ഡ്രാഫ്റ്റ് എടുത്ത് ഇന്നുമുതൽ ശമ്പള വിതരണം ആരംഭിക്കാനാണ് മാനേജ്മെൻ്റിന്‍റെ നീക്കം.
ഒരു മാസത്തെ ശമ്പള വിതരണത്തിനായി 87 കോടിയാണ് മാനേജ്മെൻ്റിന് വേണ്ടത്. ഡിസംബർ മാസത്തിൽ 222.34 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ കളക്ഷൻ വരുമാനം. എന്നാൽ ഈ തുക ഡീസൽ അടക്കമുള്ള അത്യാവശ്യ ചെലവുകൾക്ക് ഉപയോഗിക്കേണ്ടതിനാലാണ് ശമ്പള വിതരണം വൈകിയതെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം.
പ്രതിസന്ധി വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് എല്ലാ മാസവും 5 ന് ശമ്പളം നൽകുമെന്നായിരുന്നു ധാരണ. എന്നാൽ അഞ്ചാം തീയതി കഴിഞ്ഞിട്ടും ശമ്പളം നൽകാത്തതിനെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരുന്നു. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ്റെ (ടിഡിഎഫ്)നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിരുന്നു.
കെഎസ്ആർടിസിക്ക് അന്ത്യം കുറിക്കുന്ന ഭരണകൂടമാണ് ഇന്ന് അധികാരത്തിലിരിക്കുന്നതെന്നത് അടക്കമുള്ള വിമർശനങ്ങളാണ് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസൻ്റ് എംഎൽഎ ഉന്നയിച്ചത്. ബിഎംഎസും ശമ്പള വിതരണ പ്രതിസന്ധിയിൽ മാനേജ്മെൻ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ധനവകുപ്പ് ഇന്ന് 20 കോടി രൂപ കൂടി അനുവദിച്ച് ഉത്തരവിറക്കിയത്.