തിരുവനന്തപുരം: സൂപ്പർഫാസ്റ്റ് മുതൽ മുകളിലേയ്ക്കുള്ള സർവീസുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ചാർജ് കുറയ്ക്കുന്നു. ടിക്കറ്റ് ചാർജ് അധികമായതിനാൽ യാത്രക്കാർ ഇല്ലാത്ത സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കുന്നത്. തീരുമാനത്തിന് കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് അംഗീകാരം നൽകി.
യാത്രക്കാർ തീരെ കുറവുള്ള ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് നിരക്ക് കുറയ്ക്കാൻ തീരുമാനം. കൊവിഡിനു മുൻപുണ്ടായിരുന്ന നിരക്കിലേക്കാണ് കുറയ്ക്കുന്നത്. കൊവിഡിനെ തുടർന്ന് മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് 10 രൂപയാണ് നിലവിലെ നിരക്ക്. ദീർഘദൂര സർവീസുകൾ നടക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് യാത്രാക്കാരില്ല. നിരക്ക് കുറയ്ക്കുന്നതോടെ യാത്രാക്കാർ കൂടിയാൽ ഫാസ്റ്റ് ബസുകളുൾപ്പെടെയുള്ള സർവീസുകളിലും ടിക്കറ്റ് നിരക്ക് കുറച്ചേക്കും.