തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻകാർക്ക് വീണ്ടും ദുരിതകാലം. ഒരിടവേളയ്ക്ക് ശേഷം രണ്ട് മാസത്തിലധികമായി പെൻഷൻ തുക മുടങ്ങിയിരിക്കുന്നു. അരലക്ഷത്തോളം പെൻഷൻകാരുടെ ജീവിതം ഇപ്പോൾ പെരുവഴിയിലാണ്. നിത്യ ചെലവുകൾക്കും മരുന്ന് ഉൾപ്പെടെയുള്ള വാർധക്യകാല ചെലവുകൾക്കും വഴി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ പെൻഷൻകാർക്കും ചിലത് പറയാനുണ്ട്...
കാൻസർ അടക്കമുള്ള മാറാരോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ ഉൾപ്പെടെ 40,000ത്തോളം പെൻഷൻകാരാണുള്ളത്. മരുന്ന് വാങ്ങാൻ പോലും പൈസ കൈവശമില്ലാതെ ദുരിതം അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കെഎസ്ആർടിസിയിലെ 33 വർഷത്തെ സേവനത്തിന് ശേഷം അക്കൗണ്ട് ഓഫിസറായി വിരമിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീകുമാർ താൻ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് തുറന്ന് പറയുന്നു. ശ്രീകുമാറിന്‍റെ മാത്രം അവസ്ഥയല്ല ഇത്. 28 വർഷത്തെ സേവനത്തിന് ശേഷം കൺട്രോൾ ഇൻസ്പെക്‌ടറായി വിരമിച്ച കോട്ടയം പള്ളം സ്വദേശി കെ ജോണിന്‍റെ അവസ്ഥയും സമാനമാണ്.
ഇങ്ങനെ നിരവധി പേരാണ് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത് മൂലം ദുരിതം അനുഭവിക്കുന്നത്. നിലവിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ തുകയാണ് കുടിശ്ശികയുള്ളത്. ഒരു മാസത്തെ പെൻഷൻ വിതരണത്തിനായി 70 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്.
സാമ്പത്തിക പ്രതിസന്ധി മൂലം 2018ൽ സർക്കാർ മുൻകൈ എടുത്ത് രൂപീകരിച്ച പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം മുഖാന്തിരമാണ് പെൻഷൻ വിതരണം ചെയ്‌തിരുന്നത്. എന്നാൽ, നിലവിലെ പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 9.25 ശതമാനമായി ഉയർത്തണമെന്ന് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം ആവശ്യപ്പെടുകയും സർക്കാർ ഈ ആവശ്യം നിരസിക്കുകയും ചെയ്‌തതോടെയാണ് കഴിഞ്ഞ മാർച്ച് മുതൽ സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണം തടസ്സപ്പെട്ടത്.
മാർച്ച് മുതൽ ജൂൺ വരെയുള്ള പെൻഷൻ വിതരണത്തിനായി ഹൈക്കോടതി നിർദേശ പ്രകാരം 281 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ ധന, സഹകരണ വകുപ്പും കെഎസ്ആർടിസി മാനേജ്മെന്‍റും തമ്മിൽ നിലനിൽക്കുന്ന പലിശ തർക്കം കാരണം പെൻഷൻ വിതരണം അനന്തമായി നീളുകയാണ്.
രാപ്പകൽ സമരവുമായി കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ: വിരമിച്ച കെഎസ്ആർടിസി(KSRTC) ജീവനക്കാർക്ക് പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 18 മുതൽ 20 വരെ കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ(KSRTC pensioners organization) രാപ്പകൽ സമരം നടത്തിയിരുന്നു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരിക്കുക, ഫെസ്റ്റിവൽ അലവൻസ് കുടിശിക സഹിതം നൽകുക, ക്ഷാമാശ്വാസം കുടിശിക സഹിതം അനുവദിക്കുക, എക്‌സ് ഗ്രേഷ്യക്കാർ, 2021-22ൽ പെൻഷനായവർ എന്നിവരുടെ എല്ലാ ആനുകൂല്യങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു. തിരുവനന്തപുരം, മൂവാറ്റുപുഴ, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലായിരുന്നു സമരം.
പട്ടിണി കഞ്ഞി ഒഴിവാക്കാനും, പട്ടിണി കൂടാതെയും തെരുവിൽ അലയാതെ ജീവിക്കാനും വയസുകാലത്ത് ഇതല്ലാതെ മറ്റ് മാർഗമില്ലെന്നും കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ പെൻഷൻ സർക്കാർ ഏറ്റെടുക്കുകയാണ് ഏക പരിഹാരമെന്നും വിരമിച്ച് വിശ്രമിക്കേണ്ട സമയത്ത് അർഹതപ്പെട്ട പെൻഷന് വേണ്ടി അധികൃതരുടെ മുന്നിൽ യാചിക്കേണ്ടി വരുന്നതും തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നതും ഒരു ഇടതുപക്ഷ സർക്കാരിൽ നിന്നും പ്രതീക്ഷിക്കാത്തതാണെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു.
Also read : KSRTC Pension Issue പെൻഷൻ വിതരണം വൈകുന്നു; രാപ്പകൽ സമരവുമായി കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ