തിരുവനന്തപുരം: ദീർഘദൂര യാത്രകൾ സുഖപ്രദമാക്കുന്നതിനായി കെ.എസ്.ആർ.ടി.സിയുടെ വോൾവോ ലോ ഫ്ലോർ എ.സി ബസുകളിൽ സെമി സ്ലീപ്പർ മാതൃകയിലുള്ള റിക്ലൈനിങ് സീറ്റുകളിലേക്ക് (പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകൾ) മാറ്റുന്നുവെന്ന് മാനേജ്‌മെന്‍റ്. കെ.എസ്.ആർ.ടി.സി 2009 - 13, 2015-16 കാലഘട്ടങ്ങളിൽ സിറ്റി സര്‍വീസിന് ജൻറം സ്‌കീമിൽ വാങ്ങിയ വോൾവോ ലോ ഫ്ലോർ എ.സി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സെമി സ്ലീപ്പർ മാതൃകയിൽ ഉള്ള റിക്ലൈനിങ് സീറ്റുകൾ സജ്ജീകരിക്കുന്നത്. ജെഎന്‍ 470, ജെഎന്‍ 505 നമ്പറുകൾ ഉള്ള രണ്ട് ബസുകളിൽ പരീക്ഷണാർഥം സീറ്റുകൾ മാറ്റിക്കഴിഞ്ഞു.
സീറ്റുകള്‍ മാറ്റിയ ബസുകള്‍ ഒരു മാസം തിരുവനന്തപുരം - കോഴിക്കോട് പാതയില്‍ പരീക്ഷണ സർവീസ് നടത്തും. ഒരു ബസിന് സീറ്റ് മാറ്റുന്നതിന് ശരാശരി 3,14,684 രൂപയാണ് ചിലവ്. അനുയോജ്യമെങ്കിൽ 180 വോൾവോ ലോ ഫ്ലോർ എ.സി ബസുകളിലും ഇത്തരം സീറ്റ് ഘടിപ്പിച്ച് ദീർഘദൂര സർവീസ് നടത്തും. സിറ്റി സർവീസിന് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്‌ത ബസുകൾ വിജയകരമല്ലാതായതിനെ തുടർന്ന് ദീർഘദൂര സർവീസിന് വേണ്ടി, ചിൽ സർവീസ് ആയും ഉപയോഗിക്കുകയായിരുന്നു.
എന്നാൽ സീറ്റുകൾ ദീർഘദൂര യാത്രയ്‌ക്ക് അനുയോജ്യമല്ലാതിരുന്നതിനാൽ ഇതിലെ യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. തുടർന്നാണ് സാധാരണ ബസുകളിലെ സീറ്റുകൾ ഇതിൽ ഘടിപ്പിക്കാൻ കഴിയാത്തത് കൊണ്ട് പ്രത്യേക തരത്തിലുള്ള സീറ്റുകൾ ഘടിപ്പിക്കാൻ ടെന്‍റർ വിളിക്കുകയും രണ്ട് ബസുകളിൽ പൂർണ്ണമായി പുതിയ സീറ്റുകൾ ഘടിപ്പിക്കുകയും ചെയ്‌തത്. രണ്ട് ബസുകളിൽ ഘടിപ്പിച്ചതിന്‍റെ പരീക്ഷണമാണ് നിലവിൽ നടക്കുന്നത്.
ഈ ബസുകളുടേത് മികച്ച എഞ്ചിനായത് കൊണ്ട് തന്നെ അറ്റകുറ്റ പണികൾ വരാനുള്ള സാധ്യതയും കുറവാണ്. ഡ്രൈവിങ് സുരക്ഷിതത്വവും, മികച്ച യാത്രയും ലഭിക്കുന്നത് കൊണ്ട് യാത്രക്കാരുടെ ജനപ്രിയ എ.സി. ബസായതിനാൽ സീറ്റ് കൂടി മികച്ചതാകുമ്പോൾ ഈ ബസുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് മാനേജ്‌മെന്‍റ് പ്രതീക്ഷിക്കുന്നത്.