തിരുവനന്തപുരം: യാത്രാ പാസുകള്‍ കൃത്യമായി പരിശോധിക്കണമെന്ന് കണ്ടക്‌ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം. കണ്ടക്ടര്‍മാര്‍ കണ്‍സഷനുള്‍പ്പെടെയുള്ള യാത്രാ പാസുകള്‍ കാര്യമായി പരിശോധിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സാണ് നിര്‍ദേശം നല്‍കിയത്. വിദ്യാർഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡുകളുള്‍പ്പെടെയുള്ള സൗജന്യ യാത്ര പാസുകള്‍ കണ്ടക്‌ടര്‍മാരില്‍ പലരും വാങ്ങി പരിശോധിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു.
ഐഡി കാര്‍ഡുകള്‍ നോക്കിയാണ് കണ്ടക്‌ടര്‍മാര്‍ സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഈ സാഹചര്യം പലരും ദുര്‍വിനിയോഗം ചെയ്യുന്നതായും വിജിലന്‍സ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞതും കൃത്രിമമായി നിര്‍മിച്ചതും കളര്‍ പകര്‍പ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതുമായ വ്യാജ പാസുകള്‍ പലതും അന്വേഷണത്തില്‍ പിടിച്ചെടുത്തിരുന്നു. ടാഗുകള്‍ നോക്കി മാത്രം കണ്ടക്ടര്‍മാര്‍ പരിശോധന നടത്തുന്നത് തെറ്റായ നടപടിയാണെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതിനാലാണ് യാത്രാ പാസുകള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചത്.