തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നല്‍കാനുളള പണം ദിവസ വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ സഹായത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍. ഷെഡ്യൂളുകള്‍ കുറച്ചത് വരുമാനത്തെ ബാധിച്ചെന്നും മന്ത്രി രേഖാമൂലം അറിയിച്ചു. ശമ്പളം നല്‍കാനായി കെഎസ്ആര്‍ടിസിക്ക് 84 കോടി രൂപയാണ് പ്രതിമാസം വേണ്ടത്. വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കുന്ന 30 കോടി രൂപയും സര്‍ക്കാര്‍ നല്‍കുന്ന വായ്പയും ചേര്‍ത്താലും മാസാവസാനം 46 കോടി രൂപ മാത്രമേ കിട്ടൂ. തൊട്ടടുത്ത മാസത്തെ 10 ദിവസത്തെ വരുമാനം കൂടി ഉപയോഗിച്ച് 73 കോടി രൂപ തികച്ചാണ് ശമ്പളം നല്‍കി വരുന്നതെന്നും ചിറ്റയം ഗോപകുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
പ്രളയം കൊണ്ട് സര്‍വീസുകള്‍ താറുമാറായതും ഡ്രൈവര്‍മാരുടെ കുറവ് കൊണ്ട് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതും വരുമാനം കുറച്ചു. ഒരുമാസം ശരാശരി 355 ഷെഡ്യൂളുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2861 കോടിയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയിട്ടുളളത്. വിദ്യാർഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കിയതുവഴി 35 കോടി രൂപയും ബസുകള്‍ വാങ്ങിയ വകയില്‍ അഞ്ച് കോടി രൂപയും പാസ് നല്‍കിയ വകയില്‍ 129 കോടി രൂപയും കെഎസ്ആര്‍ടിസിക്ക് ബാധ്യതയുണ്ട്. പങ്കാളിത്ത പെന്‍ഷനിലെ വിഹിതം നല്‍കുന്നതിന് 119 കോടി രൂപ ഇനിയും ആവശ്യമുണ്ട്. പ്രതിദിനം 2.9 കോടി രൂപയാണ് ചെലവ്. ഇന്ധനവിലയില്‍ നേരത്തെ വന്ന വ്യതിയാനം കൊണ്ട് 54 കോടി രൂപ അധിക ബാധ്യതയും ഉണ്ട്. 135 കോടി രൂപ ഇന്ധന ക്രെഡിറ്റ് നിലനില്‍ക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി സഭയെ അറിയിച്ചു.