തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് കൊച്ചി അമൃത ഹോസ്പിറ്റൽ വരെ എത്തുന്ന രീതിയില്‍ കെഎസ്ആർടിസി ഹോസ്പിറ്റൽ സ്പെഷ്യൽ സർവീസ് ക്രമീകരിച്ചിരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ലേക്ഷോർ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലൂടെയാണ് സർവീസ് കടന്നു പോവുക.
കൊവിഡ് കാലത്തും പൊതുഗതാഗത സൗകര്യം ഉപയോഗിച്ച് ചികിത്സക്കായി പോകുന്ന എല്ലാവർക്കും ഉറപ്പുവരുത്തുന്നതിനായാണ് കെഎസ്ആർടിസിയുടെ പുതിയ സർവീസ്. സൂപ്പർ ഫാസ്റ്റ് സർവീസായാണ് സ്പെഷ്യൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പുലർച്ചെ 5.14ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ബസ് പുറപ്പെടും. 6.30ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും എട്ടിന് ആലപ്പുഴ മെഡിക്കൽ കോളജിലും 9.15ന് ലേക്ഷോർ ഹോസ്പിറ്റലിൽ വഴി അമൃതയിൽ എത്തും.
ഉച്ചയ്ക്ക് 2.40ന് തിരിച്ചുള്ള സർവീസ് ആരംഭിക്കും. തിരികെയുള്ള സർവീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് കൂടി ഉൾപ്പെടുത്തി ആണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ ആവശ്യപ്പെടുകയാണെങ്കിൽ സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ ഹോസ്പിറ്റൽ സ്പെഷ്യൽ സർവീസ് തുടങ്ങാൻ തയ്യാറാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.