തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഇപ്രാവശ്യത്തെ ഓണം ദുരിതത്തില്‍. ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇനിയും ശമ്പളം കിട്ടിയില്ല. ബോണസ്, ഓണം അഡ്വാന്‍സ് വിതരണത്തിലും അനിശ്ചിതത്വം തുടരുന്നു. ഓണത്തിന് ബോണസും ഉത്സവബത്തയും നല്‍കാന്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട സഹായം സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിശദീകരണം. ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് അടക്കം 43.5 കോടി രൂപയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്ത നല്‍കാനുള്ള തുക ഉള്‍പ്പെടെയാണിത്. എന്നാല്‍ ധനവകുപ്പ് ഫയല്‍ മടക്കി. ശമ്പളം നല്‍കുന്നതിന് ആവശ്യപ്പെട്ട 50 കോടിയും നല്‍കിയില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.
ശമ്പളവും ബോണസും വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ രാവിലെ പ്രതിഷേധം തുടങ്ങിയിരുന്നു. ഇതിനിടയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍,മെക്കാനിക് ഉള്‍പ്പെടെയുള്ള ഓപ്പറേറ്റിങ് വിഭാഗക്കാര്‍ക്ക് മാത്രം ശമ്പള വിതരണം നടത്തി. 50 കോടി രൂപയാണ് വിതരണം ചെയ്തത്. ബാക്കി വരുന്നവര്‍ക്ക് വൈകുന്നേരത്തിനകം 57 കോടി രൂപ കൂടി വിതരണം ചെയ്യും.
അതേസമയം സൂപ്പര്‍വൈസറി, ഹൈ ഡിവിഷന്‍ ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. സര്‍ക്കാര്‍ സഹായം ലഭിച്ചാൽ മാത്രമേ ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയൂ. ഓണത്തോടനുബന്ധിച്ച് നല്‍കുന്ന ബോണസ് നല്‍കാന്‍ പണമില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ നിലപാട്. അഞ്ച് കോടി രൂപ കൂടി ലഭിച്ചെങ്കിൽ മാത്രമേ മിനിസ്‌റ്റീരിയല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകൂവെന്നും മാനേജ്‌മെന്‍റ് പറയുന്നു.
ഇതു കൂടാതെ എം പാനല്‍ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഒന്‍പത് കോടിയെങ്കിലും വേണ്ടിവരും. ഇത് എപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ മൂന്ന് മാസമായി സര്‍ക്കാര്‍ ധനസഹായം പൂര്‍ണമായി കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചിരുന്നില്ല. ഈ ഇനത്തില്‍ കിട്ടാനുള്ള 10 കോടി ലഭ്യമായാല്‍ പിടിച്ചു നില്‍ക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ്.