തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം (KSRTC Salary 2021 - Salary, Increments & Benefits) വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഐഎന്‍ടിയുസി(INTUC) നേതൃത്വം നല്‍കുന്ന ടിഡിഎഫ്(TDF) നവംബര്‍ 5,6 തീയതികളിലും ബിഎംഎസും (BMS) സിഐടിയുവും (CITU) നവംബര്‍ അഞ്ചിനുമാണ് പണിമുടക്കുക.
കഴിഞ്ഞ മാസം 20 ന് അവസാന ഘട്ട ചര്‍ച്ചയും കഴിഞ്ഞ് ധാരണാപത്രം ഒപ്പിടുമെന്നായിരുന്നു യൂണിയനുകളെ മാനേജ്‌മെന്‌റും സര്‍ക്കാരും അറിയിച്ചിരുന്നത്. അന്തിമ ഘട്ട ചര്‍ച്ചയില്‍ എംഡിയും (KSRTC MD) സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ വിട്ടു നിന്നതാണ് യൂണിയനുകളെ ചൊടിപ്പിച്ചത്.
ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വിഫ്റ്റ് കമ്പനിയ്‌ക്കെതിരെ തൊഴിലാളി സംഘടനകള്‍ നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. സ്വിഫ്‌റ്റ് കമ്പനി രൂപീകരണത്തിനെതിരെ ബിഎംഎസും, ടിഡിഎഫും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ നിന്നും യൂണിയന്‍ പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.