തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ബജറ്റ് ടൂറിസത്തിനായി രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ വാങ്ങി കെഎസ്ആർടിസി (Electric double decker bus by KSRTC). ലെയ്‌ലാൻഡ് കമ്പനിയുടെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളാണ് വാങ്ങിയത്. ഇവ ഉപയോഗിച്ച് ജനുവരി മുതൽ സർവീസ് നടത്താനാണ് ആലോചന. ഡിസംബര്‍ അവസാനത്തോടെ ബസ് തലസ്ഥാനത്തെത്തിക്കും.
സ്‌മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് നാല് കോടി രൂപ ചെലവിലാണ് ബസുകൾ വാങ്ങിയത്. നിലവിൽ മുംബൈ നഗരത്തിൽ മാത്രമാണ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഉള്ളത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സർവീസ് നടത്തുന്ന സാധാരണ ഡബിൾ ഡക്കർ ബസ് സർവീസ് വൻ വിജയകരമായി ജൈത്രയാത്ര തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം (KSRTC Electric double decker bus Thiruvananthapuram).
അതേസമയം സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുന്ന 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം ഇനിയും ലഭിക്കാനുണ്ട്. ഇവ ഡിസംബർ അവസാനത്തോടെ എത്തിച്ചേരുമെന്നാണ് വിവരം. ഇതിൽ ആദ്യ ഘട്ടത്തിൽ 19 ബസുകൾ ഈ ആഴ്‌ചയോടെ എത്തുമെന്നാണ് വിവരം.
ഇലക്ട്രിക് ബസ് സർവീസുകൾ വിജയകരമായി സർവീസ് തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ തലസ്ഥാനത്തേക്ക് എത്തുന്നത്. മാത്രമല്ല 10 രൂപയാണ് ഈടാക്കുന്നത് എന്നതിനാൽ യാത്രക്കാരുടെയും തിരക്കാണ്. അതേസമയം പ്രധാനമന്ത്രിയുടെ ഇ ബസ് സേവാ സ്‌കീമിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ തീരുമാനം അനന്തമായി നീളുകയാണ്. സംസ്ഥാന സർക്കാർ വിശദമായ പദ്ധതി റിപ്പോർട്ട് നൽകാത്തതാണ് കാരണം.
പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് എസി സർവീസ് : നവംബർ 25 മുതൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി വീണ്ടും ലോ ഫ്ലോർ എസി സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് രാത്രി 08.30ന് ആരംഭിച്ച് രാവിലെ 5.15ന് കോയമ്പത്തൂരിലെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്നും രാവിലെ 8:30ന് സർവീസ് പുറപ്പെടും. വൈകിട്ട് 5.30ന് തിരിച്ചെത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, ആലത്തൂർ, പാലക്കാട്, വാളയാർ വഴിയാണ് സർവീസ്.
പത്തനംതിട്ട-കോയമ്പത്തൂർ സമയക്രമം:
സ്റ്റോപ്പ് | സമയം |
പത്തനംതിട്ട | 8:30 PM |
പാലാ | 10:30 PM |
തൃശൂർ | 02:00 AM |
പാലക്കാട് | 03:50 AM |
കോയമ്പത്തൂർ | 05:15 AM |
കോയമ്പത്തൂർ-പത്തനംതിട്ട സമയക്രം :
സ്റ്റോപ്പ് | സമയം |
കോയമ്പത്തൂർ | 08:30 AM |
പാലക്കാട് | 10:00 AM |
തൃശൂർ | 12:00 PM |
പാലാ | 03:35 PM |
പത്തനംതിട്ട | 05:30 |
Also Read: 1,195 മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം; ഉത്തരവിറക്കി കെഎസ്ആര്‍ടിസി