തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിൻ്റെ സിറ്റി റൈഡ് സർവീസിന് തുടക്കം. കെഎസ്ആർടിസി ബഡ്ജെറ്റ് ടൂർസാണ് തിരുവനന്തപുരം നഗരം സന്ദർശിക്കുന്ന സഞ്ചാരികൾക്കായി നഗരംചുറ്റി കാണാന്‍ ഈ സൗകര്യം ഒരുക്കുന്നത്.
സിറ്റി റൈഡ് സർവീസിന് തിങ്കളാഴ്‌ച വൈകിട്ട് 6.45ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്‌തു. പത്മനാഭസ്വമിക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലു മാൾ റൂട്ടിലാണ് സർവീസ് നടത്തുന്നത്.
നിലവിൽ വൈകുന്നേരം അഞ്ച് മണി മുതൽ 10 മണി വരെ നീണ്ട് നിൽക്കുന്ന നൈറ്റ് സിറ്റി റൈഡ്, രാവിലെ ഒന്‍പത് മണി മുതൽ നാല് മണി വരെ നീണ്ട് നിൽക്കുന്ന ഡേ സിറ്റി റൈഡുമാണുള്ളത്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തിൽ ഓഫർ നിരക്കിൽ 200 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാക്കും.
ബസിനുള്ളില്‍ പാര്‍ട്ടിയും ഫോട്ടോഷൂട്ടും നടത്താന്‍ സൗകര്യം
ജന്മദിനാഘോഷ പാർട്ടികളും സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടും മറ്റും നടത്താനുളള സൗകര്യവും ബസിലുണ്ട്. ഇതിനായി 50 പേരുടെ ടിക്കറ്റ് കൂടി ആവശ്യക്കാർ എടുക്കേണ്ടി വരും. യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്, സ്‌നാക്‌സ് എന്നിവയും ലഭ്യമാക്കും.
ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് പ്രാരംഭ ഓഫർ എന്ന നിലയിൽ 350 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാക്കും. ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ ഈ സംരംഭം നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.