തിരുവനന്തപുരം : ശബരിമല സീസണിൽ സർവീസ് നടത്താൻ ബസില്ലാതെ കെഎസ്ആർടിസി. സർവീസ് പ്രതിസന്ധി പരിഹരിക്കാൻ സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി നീട്ടി നൽകി. എന്നാൽ പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളായെന്നാണ് മാനേജ്മെൻ്റിൻ്റെ വാദം.
അടുത്ത ആറ് മാസം കൊണ്ട് 159 സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി തീരും. ശബരിമല തീര്‍ഥാടന സമയം കൂടി എത്തിയതോടെ മാനേജ്മെൻ്റ് വെട്ടിലായി. ഈ സാഹചര്യത്തിലാണ് കാലപ്പഴക്കം ചെന്ന ബസുകള്‍ നിരത്തിലിറക്കാനുള്ള തീരുമാനം. പുതിയ ബസുകളിറക്കാന്‍ കഴിയാത്തതുകൊണ്ട് നിലവിലുള്ള ബസുകളുടെ കാലാവധി ഉയര്‍ത്തി പത്ത് വര്‍ഷമാക്കണമെന്ന് കെഎസ്ആര്‍ടിസി ഗതാഗത വകുപ്പിനോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് നിലവില്‍ 8 വര്‍ഷത്തിന് മുകളിലും പത്ത് വര്‍ഷത്തില്‍ താഴെയും പഴക്കമുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാൽ കാലപ്പഴക്കം ചെന്ന ബസുകള്‍ നിരത്തിലിറക്കുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള നടപടി അശാസ്ത്രീയമാണെന്നും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതുമാണെന്നാണ് ജീവനക്കാരുടെ വിമര്‍ശനം.