തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ യുപിഐ ആപ്പുകൾ വഴി ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത് ടിക്കറ്റെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് വൈകും. പദ്ധതിയിൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് മാനേജ്മെൻ്റ് ഇപ്പോൾ നൽകുന്ന വിശദീകരണം.
ഇടിഎം മെഷീനോടൊപ്പം ക്യു ആര്‍ കോഡ് മെഷീനും കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കണ്ടക്‌ടര്‍മാര്‍ പ്രധാന പ്രശ്‌നമായി ഉന്നയിക്കുന്നത്. ക്യു ആര്‍ കോഡിലെ തകരാര്‍ കാരണം യാത്രക്കാരുമായി തര്‍ക്കമുണ്ടായാല്‍ എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്.
ഇതടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ സൂപ്പർ ക്ലാസ് ബസുകളിൽ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം നടപ്പാക്കാനായിരുന്നു തീരുമാനം. ഭാവിയിൽ എല്ലാ ബസുകളിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്നാണ് മാനേജ്മെൻ്റ് അറിയിച്ചിരുന്നത്.
ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനത്തിന്‍റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നേരത്തെ നിര്‍വഹിച്ചിരുന്നു. ചില്ലറയുടെ പേരിൽ യാത്രക്കാരുമായുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനെന്ന പേരിലാണ് മാനേജ്മെന്‍റ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ എങ്ങുമെത്താതെ നിൽക്കുന്നത്.