തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(07.08.2022) കെഎസ്‌ആർടിസി സർവീസുകൾ ഭാഗികമായി നിലയ്‌ക്കും. ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെയാണ് മാനേജ്‌മെന്‍റ് സർവീസുകൾ ഭൂരിഭാഗവും വെട്ടിക്കുറച്ചത്. ഭൂരിഭാഗം ഓർഡിനറി ബസുകളും ഭാഗികമായി ദീർഘദൂര ബസുകളും ഇന്ന് സർവീസ് നടത്തില്ല.
കിലോമീറ്ററിന് 35 രൂപയിൽ കുറവ് വരുമാനമുള്ള ബസുകളാണ് നിർത്തിയിടുന്നത്. എന്നാൽ സൂപ്പർ ക്ലാസ് സർവീസുകൾ തിരക്ക് അനുസരിച്ച് സർവീസ് നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. ചൊവ്വാഴ്‌ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് സിഎംഡി ബിജു പ്രഭാകർ അറിയിച്ചിരിക്കുന്നത്.
ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 20 കോടി രൂപ അനുവദിച്ചെങ്കിലും കെഎസ്‌ആർടിസിയുടെ അക്കൗണ്ടിൽ എത്താൻ ബുധനാഴ്‌ച(10.08.2022) ആകും. അതേസമയം, കെഎസ്‌ആർടിസിയിലെ പ്രതിസന്ധി മറികടക്കാൻ മാനേജ്‌മെന്‍റ് വീണ്ടും സർക്കാരിനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനായി 123 കോടി രൂപയാണ് കെഎസ്‌ആർടിസി ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നത്.