തിരുവനന്തപുരം : കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നു. അംഗീകൃത ട്രേഡ് യൂണിയൻ നേതാക്കളും മന്ത്രിമാരായ ആന്‍റണി രാജു, വി ശിവൻകുട്ടി, കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ എന്നിവരുമാണ് ചര്‍ച്ചയിലുള്ളത്. ടിഡിഎഫ്, സിഐടിയു, ബിഎംഎസ് എന്നീ യൂണിയനുകളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ചാണ് ചർച്ച. കോർപറേഷനിൽ നാളുകളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് മുഖ്യമന്ത്രി തൊഴിലാളി യൂണിയൻ നേതാക്കളുമായും മാനേജ്മെന്‍റ് പ്രതിനിധികളുമായും ചർച്ച നടത്തുന്നത്.
അതേസമയം രണ്ടുമാസത്തെ ശമ്പള കുടിശികയുടെ 33% ത്തിന്‍റെ (5-9-2022) വിതരണം ആരംഭിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം ധനവകുപ്പ് അനുവദിച്ച 50 കോടി കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തി. ഇതിന് പുറമെ രണ്ട് ദിവസത്തെ സർവീസ് കളക്ഷനും ചേർത്ത് 60 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഗതാഗത മന്ത്രിയെ വഴിയിൽ തടഞ്ഞ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ശമ്പളത്തിന് പകരം കൂപ്പൺ നൽകാനുള്ള നീക്കത്തിലെ എതിർപ്പ് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ അറിയിക്കും. ഉപാധികളോടെ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന സർക്കാരിന്‍റെയും മാനേജ്മെന്‍റിന്‍റെയും നിലപാട് മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിക്കും.
എന്നാൽ ഏട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ ഉറച്ച നിലപാട്. ആവശ്യമെങ്കിൽ പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങാനും മറ്റ് യൂണിയനുകൾ ആലോചിക്കുന്നുണ്ട്.
ഹൈക്കോടതി നിർദേശപ്രകാരം ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്‍റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്.