തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന്‍റെ സാരഥികളായ ജീവനക്കാർക്ക് കെഎസ്ആർടിസി അഭിനന്ദനം അറിയിച്ചു. അഭിലാഷ് ജി എസ്, ഷനോജ് കെ എച്ച്, പ്രവീൺകുമാർ ടി പി, ശ്രീജേഷ് വി എന്നിവരാണ് നവകേരള യാത്രയുടെ സാരഥികൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.
കെഎസ്ആർടിസിയിലെ മറ്റുള്ള ഡ്രൈവർമാരെ പോലെ തന്നെ മികച്ച ഡ്രൈവിങ്ങും ഉത്തരവാദിത്വവും കൈമുതലായിട്ടുള്ള പ്രിയ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മാനേജ്മെന്‍റ് കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പരിഷ്‌ക്കരിച്ച കാക്കി യൂണിഫോം ധരിച്ചാണ് ജീവനക്കാർ കെഎസ്ആർടിസി ബസ് ഓടിക്കുന്നത്.
അതേസമയം ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടുള്ള കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ കമന്‍റ് ബോക്‌സിൽ ജീവനക്കാർക്ക് ശമ്പളം നൽകൂ എന്ന കമന്‍റുകളാണ് നിറയുന്നത്. "ശമ്പളം കൊടുത്ത് പാവം ഡ്രൈവർമാരുടെ കുടുംബം സുരക്ഷിതമാക്കൂ" എന്നിങ്ങനെയുള്ള കമന്‍റുകളാണ് മുഴുവനും.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
ഈ കൈകളിൽ സുരക്ഷിതം !!!!!
നവകേരള യാത്രയുടെ സാരഥികളായി കെഎസ്ആർടിസിയിലെ ജീവനക്കാർ.
കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളുമായി കേരളത്തിലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയായ നവ കേരള സദസിൽ ,മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ ഒന്നാകെ യാത്ര ചെയ്യുന്ന ബസിന്‍റെ സാരഥികളായി "കെ എസ് ആർ ടി സി യിലെ ജീവനക്കാരായ അഭിലാഷ് ജി എസ്, ഷനോജ് കെ എച്ച്, പ്രവീൺകുമാർ ടി പി, ശ്രീജേഷ് വി എന്നിവർ !
കെഎസ്ആർടിസിയിലെ മറ്റുള്ള ഡ്രൈവർമാരെ പോലെ തന്നെ മികച്ച ഡ്രൈവിങ്ങും ഉത്തരവാദിത്വവും കൈമുതലായിട്ടുള്ള പ്രിയ സുഹൃത്തുക്കൾക്ക് ടീം കെഎസ്ആർടിസിയുടെ അഭിനന്ദനങ്ങൾ
ഏറെ വിമർശനങ്ങൾക്കിടയാക്കിയ നവകേരള ബസ്: നവകേരള സദസിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നിയോജകമണ്ഡലങ്ങളിലേക്ക് സഞ്ചരിക്കുന്ന ബസിനെച്ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവിലുള്ള പുതിയ ബസിനെതിരെ വന്ന പ്രതിഷേധങ്ങൾ കേരളത്തിൽ ഏറെ ചർച്ചയായതാണ്. ബസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും പൊതുജനങ്ങളും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് ഇത്രയും വലിയ തുക ചെലവഴിച്ച് ബസിറക്കിയത് സര്‍ക്കാറിന്‍റെ ധൂര്‍ത്ത് എടുത്തുകാണിക്കുന്നതാണെന്നും ആരോപണമാണ് ഉയർന്നു വന്നിരുന്നത്. എന്നാല്‍ ബസ് ഇനിയും ഉപകാരപ്പെടുമെന്നായിരുന്നു സര്‍ക്കാറിന്‍റെ വാദം. മന്ത്രിമാര്‍ എല്ലാവരും ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നതിലൂടെ വന്‍ തുക ലാഭിക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ വാദം.
എറണാകുളത്ത് നവകേരള സദസിന്‍റെ വേദിയിലേക്ക് ബസ് എത്തിക്കാനായി സർക്കാർ അതിഥി മന്ദിരത്തിന്‍റെ മതിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. വൈക്കം കായലോരത്തെ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലെ മതിലിന്‍റെ ഭാഗമാണ് ബസിന് കടന്നുപോകാവുന്ന വിധത്തിൽ പൊളിച്ച് നീക്കിയത്. വയനാട്ടിൽ വെച്ച് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് പാർക് ചെയ്‌ത ബസിന്‍റെ ചക്രങ്ങൾ ചെളിയിൽ താഴ്‌ന്നിരുന്നു.