തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി എന്ന നിലയില്ലാ കയത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കെഎസ്ആർടിസി ഏറെ പ്രതീക്ഷയോടെയാണ് ഫെബ്രുവരി 5ന് നടക്കാനിരിക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തെ നോക്കി കാണുന്നത്. കെഎസ്ആർടിസിയെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും തൊഴിലാളി സംഘടനകളും. കെഎസ്ആർടിസിക്ക് ആശ്വാസകരമായ എന്തൊക്കെ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകണമെന്ന ചില നിർദ്ദേശങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്ക്കുകയാണ് അംഗീകൃത തൊഴിലാളി യൂണിയൻ നേതാക്കൾ.
എല്ലാ വർഷവും 1000 കോടി രൂപയാണ് കെഎസ്ആർടിസിക്കായി ബജറ്റിൽ വകയിരുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ തുക വർധിപ്പിക്കണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ പറഞ്ഞു. നിലവിൽ 15 വർഷത്തോളം പഴക്കമുള്ള ബസുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. കെഎസ്ആർടിസിക്ക് സ്വന്തമായി ബസുകൾ വാങ്ങാൻ ബജറ്റിൽ തുക വകയിരുത്തണം.
ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി ശമ്പളം നൽകുന്നതിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണം. കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകൾ ഇപ്പോഴും പഴയ രീതിയിലാണ് അവ ആധുനികവത്‌കരിക്കണം. ഇതിനുവേണ്ടി പ്രത്യേകം തുക വകയിരുത്തണം.
ഡിപ്പോ നവീകരണത്തിനും തുക വകയിരുത്തണമെന്നും ഹണി ബാലചന്ദ്രൻ പറഞ്ഞു. ഡിപ്പോകളും കെഎസ്ആർടിസി തൊഴിലാളികളുടെ വിശ്രമ സ്ഥലങ്ങളും ഓഫിസുകളും നവീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് ബജറ്റിൽ നീക്കിവയ്‌ക്കണമെന്ന് ടിഡിഎഫ് ജനറൽ സെക്രട്ടറി ഡി.അജയൻ പറഞ്ഞു.
കെഎസ്ആർടിസിക്ക് സ്വന്തമായി ബസുകൾ വാങ്ങി ദീർഘദൂര സർവീസുകൾ നടത്തണം. ഇതിനായി പ്രത്യേക പാക്കേജ് അനുവദിക്കണം. ജീവനക്കാർക്ക് കൃത്യമായി ഒന്നാം തീയതി ശമ്പളം ലഭിക്കാനുള്ള സംവിധാനം സൃഷ്‌ടിക്കുന്നതിന് ബജറ്റിൽ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കെഎസ്ആർടിസിയുടെ കടബാധ്യതകൾ ഒറ്റത്തവണ തീർപ്പാക്കാൻ ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി അജയകുമാർ പറഞ്ഞു. അങ്ങനെയെങ്കിൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും.
കെഎസ്ആർടിസി വരുമാന ലാഭം ലക്ഷ്യമിടുന്നത് 1 കിലോമീറ്ററിന് 50 രൂപയാണ്. നിലവിൽ 1 കിലോമീറ്ററിന് 53-54 രൂപ നേടുന്നുണ്ട്. കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലാണ്. കടബാധ്യത തീർത്താൽ പ്രതിസന്ധി മാറും. നിലവിൽ ബസുകൾ വാങ്ങുന്നത് സ്വിഫ്റ്റിൻ്റെ പേരിലാണ്.
കെഎസ്ആർടിസിക്ക് സ്വന്തമായി ബസുകൾ വാങ്ങണം, ദീർഘദൂര സർവീസുകൾ നടത്തണം. ഇതിനാവശ്യമായ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകണം. എൽഡിഎഫിന്‍റെ പ്രകടന പത്രികയിൽ കെഎസ്ആർടിസിയുടെ കട ബാധ്യതകൾ ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. അതിന് ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കെ ബജറ്റ് അവതരണത്തിൽ കണ്ണും നട്ടിരിക്കുകയാണ് സര്‍വ്വ മേഖലകളും.