തിരുവനന്തപുരം: സർക്കാരിന്റെയും ജില്ലാ കലക്ടറുടെയും നിസംഗതയാണ് തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സമരം രൂക്ഷമാക്കിയതെന്ന് സി.പി.ഐ അനുകൂല ട്രേഡ് യൂണിയനായ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ. പൊലീസ് പ്രശ്നം വഷളാക്കാനാണ് ശ്രമിച്ചതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി രാഹുൽ ആരോപിച്ചു.
നഗരം നിശ്ചലമാക്കിയതിന്റെ പൂർണ ഉത്തരവാദി പൊലീസാണ്. കലക്ടർ നിഷ്പക്ഷമായ റിപ്പോർട്ടാണ് തയാറാക്കുന്നതെങ്കിൽ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരും കുറ്റവാളിയാകില്ല. അതിനു പകരം ഏകപക്ഷീയ നടപടിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമമെങ്കിൽ ശക്തമായി നേരിടുമെന്നും രാഹുൽ പറഞ്ഞു.