തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ സമരം ചെയ്യുന്ന ഭരണാനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ചയ്ക്കില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബി സ്വതന്ത്രമായ ബോര്‍ഡാണ്. സമരക്കാരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു.
'എല്ലാവരും ഒരുമിച്ച് പോയാല്‍ മാത്രമേ കെ.എസ്.ഇ.ബിയെ രക്ഷിക്കാന്‍ കഴിയുകയുള്ളു. ശത്രുത മനോഭാവത്തില്‍ ജീവനക്കാര്‍ പെരുമാറരുത്. ചെയര്‍മാനോട് ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്'. ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം. ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി അശോകുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
ALSO READ കര്‍ഷകന്‍റെ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ : കെ.സുധാകരന്‍
ഇന്നലെ മുതല്‍ ചെയര്‍മാനെതിരെ ഓഫിസേഴ്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസഹരണ സമരവും ആരംഭിച്ചിരുന്നു. സംഘടന ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്‍റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം തുടരുന്നത്.
ചെയര്‍മാന്‍റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഇന്നലെ സിപിഎം നേതാവ് എ.കെ.ബാലന്‍ വൈദ്യുതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു