തിരുവനന്തപുരം : കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം.ജി സുരേഷ് കുമാറിൽ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനം ചട്ടപ്രകാരമെന്ന് കെ.എസ്.ഇ.ബി. എം.എം മണി വൈദ്യുതി മന്ത്രിയായിരിക്കേ അദ്ദേഹത്തിന്‍റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്ന സുരേഷ് കുമാര്‍ അക്കാലയളവില്‍ അനധികൃതമായി വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് 6.72 ലക്ഷം രൂപ അടയ്ക്കാനാണ് കെ.എസ്.ഇ.ബി നോട്ടിസ് നല്‍കിയത്.
2019 മുതല്‍ ബോര്‍ഡിന്‍റെ വിജിലന്‍സ് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുന്ന പരാതി ഫയലില്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാണ് നടപടിയെടുത്തതെന്ന് കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ നല്‍കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.
നടപടി തെളിവുകളുടെ അടിസ്ഥാനത്തിൽ: ചീഫ് വിജിലന്‍സ് ഓഫിസറുടെയും അതിന്‍മേലുള്ള ഫിനാന്‍സ് ഡയറക്‌ടറുടെയും വിശദമായ പരിശോധനയ്ക്കു ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് 6.72 ലക്ഷം രൂപ ഒടുക്കാന്‍ അദ്ദേഹത്തിന് നോട്ടിസ് നല്‍കിയിട്ടുള്ളത്.
സര്‍ക്കാരില്‍ ഡെപ്യൂട്ടേഷനിലുള്ള അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉപയോഗിച്ച വാഹനം സുരേഷ് കുമാറിന് ലഭ്യമാക്കാനുള്ള ഒരുത്തരവും ബോര്‍ഡിന്‍റെ ബന്ധപ്പെട്ട ഓഫിസുകളില്‍ നിന്ന് പുറപ്പെടുവിച്ചതായി കാണുന്നില്ല. വാഹനം ഉപയോഗിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പുകളൊന്നും ബോര്‍ഡിന് കിട്ടിയിട്ടില്ല.
READ MORE: കെ.എസ്.ഇ.ബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; എം.ജി സുരേഷ് കുമാറിന് 6.72 ലക്ഷം പിഴ
ഗവണ്‍മെന്‍റ് സെക്രട്ടറിമാര്‍, വകുപ്പ് അധ്യക്ഷന്‍മാര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, ജില്ല കലക്‌ടര്‍മാര്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവർക്ക് മാത്രമേ സർക്കാരിന്‍റെ ഔദ്യോഗിക വാഹനം താമസിക്കുന്ന സ്ഥലത്തേക്ക് യാത്രയ്ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
അതിലുപരിയായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ രേഖ ഹാജരാക്കേണ്ടത് ഉപയോഗിച്ച വ്യക്തിയാണെന്ന് ഫുള്‍ടൈം ഡയറക്‌ടര്‍മാര്‍ക്ക് വേണ്ടി പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഫേസ്‌ബുക്കില്‍ പുറപ്പെടുവിച്ച വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.