തിരുവനന്തപുരം : കെ റെയില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി ക്ലിഫ്ഹൗസില്‍ കല്ലുകള്‍ നാട്ടിയെന്ന് അവകാശപ്പെട്ട് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്ത്. ബിജെപി ജില്ല പ്രസിഡന്‍റ് വി.വി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ കല്ല് സ്ഥാപിച്ചെന്നാണ് അവകാശവാദം. എന്നാല്‍ കൃഷി മന്ത്രി പി.പ്രസാദിന്‍റെ ഔദ്യോഗിക വസതിയായ - ക്ലിഫ് ഹൗസ് കോംപൗണ്ടിലെ ലിന്‍ട്രസ്റ്റിലാണ് കല്ലിട്ടതെന്നും ക്ലിഫ് ഹൗസ് വളപ്പിനുള്ളിലല്ലെന്നും പൊലീസ് വ്യക്‌തമാക്കി.
Also read: സിൽവർലൈൻ അംഗീകാരം: പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ന് 12 മണിയോടെയാണ് സംഭവം. പ്രതിഷേധത്തിന്‍റെ ഭാഗമായുള്ള മാര്‍ച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌ത് വി.വി.രാജേഷ് പ്രസംഗിച്ചതിനുപിന്നാലെയാണ് ക്ലിഫ് ഹൗസില്‍ കല്ല് സ്ഥാപിച്ചെന്നവകാശപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വീഡിയോയുമായി രംഗത്തുവന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കല്ലിട്ടത് ക്ലിഫ് ഹൗസ് വളപ്പിലല്ലെന്നും കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയായ, ഇപ്പോള്‍ അറ്റകുറ്റപ്പണി നടക്കുന്ന കോംപൗണ്ടിലെ ലിന്‍ട്രസ്റ്റിലാണെന്നും കണ്ടെത്തുകയായിരുന്നു.
ജനങ്ങളുടെ വീടിന്റെ അടുക്കളയില്‍ വരെ അനുവാദമില്ലാതെ കല്ലിടുന്ന കെ-റെയിലിന്‍റെ നടപടിക്കെതിരെയാണ് ക്ലിഫ് ഹൗസില്‍ കല്ലിട്ടതെന്ന് യുവമോര്‍ച്ച വ്യക്‌തമാക്കി. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് പരിസരത്തെ മന്ത്രി മന്ദിരത്തിന്‍റെ മതില്‍ ചാടിക്കടന്ന് കല്ലിട്ട നടപടി അതീവ സുരക്ഷാ വീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്.