തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വേണ്ടിവന്നാൽ കോൺഗ്രസ് വിമോചന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിഴിഞ്ഞത്ത് പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് ആക്രമണം ഉണ്ടായതെന്നും അടിച്ചാൽ തിരിച്ചടി കിട്ടുമെന്നും സുധാകരൻ പറഞ്ഞു. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും സുധാകരൻ സമരക്കാരെ അനുകൂലിച്ചു.
സംസ്ഥാനത്ത് ഇപ്പോൾ നീതിയും ന്യായവുമില്ല. ഉത്തരവ് നടപ്പിലാക്കാൻ ഭരണകൂടവുമില്ല. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയുടെ പേരിലെടുത്തത് കള്ളക്കേസാണ്. പാർട്ടി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കും.
വിഴിഞ്ഞം പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിന് തങ്ങൾ എതിരല്ല. എന്നാൽ സമൂഹത്തിന് സമാധാന പൂർണമായി ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്‌ടിക്കരുത്. അത്തരം സാഹചര്യമുണ്ടായാൽ സമരത്തിന് ഇറങ്ങാതെ നിവൃത്തിയില്ല.
കെ റെയിലിന്‍റെ കുറ്റി പറിക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർ കുറ്റിയും പറിച്ച് ഓടി. അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ അടുത്ത് നിന്നാണെന്ന് ഗവർണർ പറയുന്ന അവസ്ഥ വന്നു. സിപിഎം കേന്ദ്ര നേതൃത്വം പിണറായിയുടെ മുന്നിൽ പാവയായി മാറുന്ന സാഹചര്യമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.