തിരുവനന്തപുരം: കേരളത്തിലിപ്പോള്‍ അധികാരത്തിലിരിക്കുന്നത് സിവില്‍ സര്‍വീസിന്‍റെ അന്തക സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പ്രഖ്യാപിത നിയമന നിരോധനവും തസ്‌തിക വെട്ടിക്കുറയ്ക്കലും ആനുകൂല്യ നിഷേധവും പി.എസ്.സിയെ അട്ടിമറിച്ചു കൊണ്ടുള്ള പിന്‍വാതില്‍ നിയമനങ്ങളുമൊക്കെ കേരളത്തിലെ സിവില്‍ സര്‍വീസിനെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. കേരള എന്‍ജിഒ അസോസിയേഷന്‍റെ 48-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'സമസ്‌ത മേഖലയിലും അഴിമതിയില്‍ മുങ്ങിയ ഒരു ഭരണകൂടമാണിന്ന് കേരളത്തിലുള്ളത്. കേരള എന്‍ജിഒ അസോസിയേഷന്‍ ഈ നാട്ടിലെ എല്ലാ ജീവനക്കാരുടെയും പ്രതീക്ഷയായി മാറുന്നു. ഭാരതം ജനാധിപത്യ പ്രസ്ഥാനങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കാലഘട്ടമാണിത്'.
സാധാരണക്കാരന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു: 'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങള്‍ ഈ നാടിനെ ദുരിതക്കയത്തിലാഴ്ത്തിയിരിക്കുകയാണ്. സാധാരണക്കാരന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു'-സുധാകരന്‍ പറഞ്ഞു.
'ഈ സാഹചര്യത്തിലാണ് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രസക്തി. പൊതുമേഖലയിലെ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീതിയിലാണ്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ ഭരണകാലത്ത് ഏറ്റവുമധികം തൊഴില്‍ നല്‍കിയിരുന്ന വിവരസാങ്കേതിക രംഗത്താകട്ടെ പിരിച്ചുവിടല്‍ ഉത്സവമാണ്'.
'തൊഴിലിനായി യുവാക്കള്‍ തെരുവിലേയ്ക്കിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭരണപക്ഷ സംഘടനയുടെ യോഗത്തില്‍ പറഞ്ഞത് സര്‍ക്കാര്‍ ജീവനക്കാര്‍ അത്ര പോരാ എന്നാണ്. അത് ഭരണകക്ഷിയില്‍പ്പെട്ടവരെ കുറിച്ചായിരിക്കുമെന്ന്' അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള മോഡല്‍ വികസനത്തില്‍ ജീവനക്കാരുടെ പങ്ക് വലുത്: 'കാരണം കേരളത്തിലെ സിവില്‍ സര്‍വീസ് എന്താണെന്നും അത് എങ്ങനെയാണെന്നും അറിയണമെങ്കില്‍ നിപ്പയും കൊവിഡും പ്രളയവും വന്നപ്പോള്‍ അവര്‍ ഈ നാടിനായി ചെയ്‌ത സേവനങ്ങള്‍ ഓര്‍മിക്കണം. ലോകം പ്രകീര്‍ത്തിക്കുന്ന കേരള മോഡല്‍ വികസനം യാഥാര്‍ഥ്യമാക്കിയതില്‍ ജീവനക്കാരുടെ പങ്ക് വിസ്‌മരിക്കുന്നവര്‍ കണ്ണുകളില്‍ കമ്മ്യൂണിസ്റ്റ് തിമിരം ബാധിച്ചവരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പണം കൊണ്ടുമാത്രം ട്രഷറി പൂട്ടാത്ത സര്‍ക്കാരാണിന്ന് കേരളത്തിലുള്ളത്'.
'ജീവനക്കാരുടെ 2021 മുതലുള്ള നാല് ഗഡു ക്ഷാമബത്ത കൊടുത്തിട്ടില്ല. ശമ്പള പരിഷ്‌ക്കരണത്തിന്‍റെ കൂടിശ്ശിക കൊടുത്തിട്ടില്ല. ഭവന വായ്‌പയില്‍ നിന്ന് സര്‍ക്കാര്‍ കൈകഴുകി' -കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു
'ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നയാ പൈസ വിഹിതമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ആ പദ്ധതിയില്‍ ആവശ്യത്തിന് ആശുപത്രിയുമില്ല, ചികിത്സയുമില്ല. ചികിത്സ കൊടുത്ത ആശുപത്രികളാകട്ടെ അതിന്‍റെ പണം കിട്ടാന്‍ നെട്ടോട്ടമോടുകയാണ്'.
യുഡിഎഫ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കും: 'യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ സിവില്‍ സര്‍വീസിന്‍റെ അന്തക സര്‍ക്കാരാണ് ഭരിക്കുന്നത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല'.
'രാഷ്‌ട്രീയ പ്രേരിതമായി ജീവനക്കാരെ സ്ഥലം മാറ്റുന്നു. തസ്‌തികകള്‍ വെട്ടിക്കുറയ്ക്കുന്നു. ജനങ്ങളുമായി ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വകുപ്പുള്‍പെടെ അഞ്ചു വകുപ്പുകളെ ഒന്നിച്ചു ചേര്‍ത്ത് ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യതകളെ അട്ടിമറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരെ സന്ധിയില്ലാത്ത സമരത്തിന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.