തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാവിനെ രാഷ്ട്രീയ പകപോക്കലിന്‍റെ പേരില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിട്ടും സംസ്ഥാന വ്യാപകമായി പ്രതിഷേധം പോലും സംഘടിപ്പിക്കാനാകാതെ കോണ്‍ഗ്രസ്. ദീര്‍ഘകാലമായി സംസ്ഥാന കോണ്‍ഗ്രസ് നേരിടുന്ന സംഘടന ദൗര്‍ബല്യം ഒരിക്കല്‍ കൂടി അടിവരയിടുന്ന സംഭവമായി സുധാകരന്‍റെ അറസ്റ്റ് മാറി. സംസ്ഥാന കോണ്‍ഗ്രസില്‍ പൊതുവേ തലയെടുപ്പും ജന പിന്തുണയുമുള്ള നേതാവായിട്ടും സുധാകരന്‍റെ അറസ്റ്റുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നതൊഴിച്ചാല്‍ കാര്യമായ പ്രതിഷേധങ്ങള്‍ എവിടെയുമുണ്ടായില്ല.
സംസ്ഥാനത്തെ 14 ഡിസിസി പ്രസിഡന്‍റുമാരുടെയും കീഴില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ വെറും മേല്‍ത്തട്ടില്‍ മാത്രമുള്ള സംവിധാനമായി ചുരുങ്ങിയതിന്‍റെ ദുരന്തം കൂടിയായി ഇതിനെ വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ടിപി ചന്ദ്രശേഖരന്‍ വധമുണ്ടായ 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ചിരുന്നത്. ടിപി വധത്തില്‍ സിപിഎം പ്രതിക്കൂട്ടിലായിട്ടും സംഭവത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന ആരോപണമുയര്‍ന്നിട്ടും സിപിഎമ്മിന്‍റെ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ല.
അന്ന് അത്തരം അറസ്റ്റിലേക്ക് നീങ്ങിയാല്‍ അത് സംസ്ഥാനത്ത് ഉണ്ടാക്കാനിടയുള്ള ക്രമസമാധാന പ്രശ്‌നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഭയന്നിരുന്നു. മാത്രമല്ല ഒരു കൊലപാതകത്തിന്‍റെ ഗൂഢാലോചന കേസിന്‍റെ പേരില്‍ സിപിഎമ്മിന്‍റെ ഉന്നത നേതൃത്വത്തെ കേസില്‍ കുരുക്കി ജയലിലടയ്ക്കുന്നതിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ശക്തമായ എതിര്‍പ്പുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കെ.സുധാകരന്‍റെ കാര്യത്തിലെത്തുമ്പോള്‍ സിപിഎം നിഷ്‌കരുണമാണ് അദ്ദേഹത്തിനെതിരെ നീങ്ങുന്നത്.
പരാതിക്കാരില്‍ നിന്ന് സുധാകരനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുന്നു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് സുധാകരനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു എന്ന് മാത്രമല്ല, ഇത്രയും പ്രമാദമായ ഒരു കേസില്‍ തുടക്കം മുതലെ ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ സുധാകരനെതിരെ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പരസ്യമായി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ നിന്ന് തന്നെ സുധാകരന്‍റെ ഭാവി അവിടെ വ്യക്തമാണ്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു കെപിസിസി പ്രസിഡന്‍റിനെതിരെ ഇത്രയും ധൈര്യമായി പ്രതികരിക്കണമെങ്കില്‍ അദ്ദേഹത്തിന് പിന്നില്‍ ആരെന്നതും വ്യക്തമാണ്. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷമാണ് സുധാകരന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്‌താല്‍ അദ്ദേഹത്തെ രണ്ടാളുകളുടെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുള്ളത് കൊണ്ടു മാത്രമാണ് സുധാകരന്‍ ഇന്നലെ ജയിലിലടയ്ക്കപ്പെടാത്തത്. എന്നാല്‍ അത്തരം അറസ്റ്റിലേക്ക് കടക്കാന്‍ സിപിഎം നേതൃത്വത്തിനും സര്‍ക്കാരിനും ധൈര്യം ലഭിച്ചത് കോണ്‍ഗ്രസ് താഴെ തട്ടില്‍ അതീവ ദുര്‍ബ്ബലമെന്ന തിരിച്ചറിവില്‍ നിന്നാണ്.
സുധാകരനെയെന്നല്ല ഏത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്‌താലും അതിനനുസരിച്ച് പ്രതികരിക്കാവുന്ന സംഘടന ശക്തി താഴെത്തട്ടില്‍ കോണ്‍ഗ്രസിനില്ലെന്ന് മനസിലാക്കി തന്നെയായിരുന്നു സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും സുധാകരനെതിരായ നീക്കം. സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍ ശരിയായിരുന്നു എന്ന് കോണ്‍ഗ്രസ് തെളിയിക്കുകയും ചെയ്‌തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് കോണ്‍ഗ്രസിന്‍റെ സംഘടന ദൗര്‍ബല്യം മറനീക്കി പുറത്ത് വരുന്നത്. അതിനിടെ സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരു കെപിസിസി പ്രസിഡന്‍റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേസ് കള്ളക്കേസാണ് എന്ന് വാദിച്ച് സുധാകരനെ വെള്ള പൂശാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും തട്ടിപ്പു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് സുധാകരന്‍ രാജി വയ്ക്കണം എന്നു വാദിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ അത്തരം ആലോചനകളൊന്നും പാര്‍ട്ടിയിലില്ലെന്ന് പറഞ്ഞ് ഈ വാദത്തെ തള്ളുകയാണ് മുതിര്‍ന്ന നേതാക്കളായ വിഡി സതീശനും കെസി വേണുഗോപാലും.