കണ്ണൂർ: ബ്ലേഡ് മാഫിയക്ക് തുല്യമാണ് പിണറായി വിജയൻ സർക്കാരെന്ന് വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സമസ്‌ത മേഖലകളിലും വിലക്കയറ്റമാണെന്നും പാവങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെ പൊതുപണം കൊള്ളയടിക്കാൻ അനുവദിക്കരുതെന്നും ഇതിനെതിരെ ഇടത് അനുഭാവികളും പ്രതികരിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
പാവങ്ങളെ പിഴിഞ്ഞ് ആനന്ദകരമായ ജീവിതത്തിനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഇടത് മന്ത്രിമാരുടെയും കുടുംബത്തിന്‍റെയും വിദേശയാത്രയും ധൂർത്തും ഇതിന് ഉദാഹരണമാണ്. നികുതി കൊള്ള മാത്രം നടത്തുന്ന നാണംകെട്ട സർക്കാരാണിതെന്നും സുധാകരൻ കുറ്റപെടുത്തി.
സ്വാർത്ഥ താൽപര്യത്തിന് വേണ്ടി പൊതുപണം വിനയോഗിക്കാനാണ് ഈ ബജറ്റ്. യുവാക്കൾക്ക് വേണ്ടി ബജറ്റിൽ ഒന്നുമില്ലെന്നും പ്രവാസികളെ ശത്രുക്കളായി കാണുന്ന ബജറ്റാണിതെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്‌ബി തുടങ്ങിയത് ഇടതുപക്ഷമാണ്. ഇപ്പോൾ കിഫ്‌ബി നാടിന്നിന് ഭാരമായെന്ന് അവർ തന്നെ പറയുന്നു. പെട്രോൾ -ഡീസൽ വില പാർട്ടിയും എം.വി ഗോവിന്ദൻ മാഷും അറിഞ്ഞില്ലെന്നും ബാലഗോപാലും മുഖ്യമന്ത്രിയും മാത്രം ഒരുക്കിയ കെണിയാണിതെന്നും സുധാകരൻ പരിഹസിച്ചു. നട്ടെല്ലില്ലാത്ത നേതാക്കളാണ് സിപിഎമ്മിനെ നയിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ഇവര്‍ കേന്ദ്ര സർക്കാറിന് മുന്നിൽ മുട്ടുമടക്കി നിൽക്കുകയാണെന്നും കുറ്റപ്പെടുത്തി. പരാജയപെട്ട സർക്കാറിന്‍റെ ബജറ്റാണിതിന്നും സർക്കാറിനെതിരെ സമരം തീ പാറുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.