തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും സ്വർണ കടത്ത് കേസിൽ പങ്കുണ്ടെങ്കിൽ നിയമപരമായി നടപടിയെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത് അതീവ ഗുരുതരമായ ആരോപണമാണ്. ആരോപണങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനുള്ള നട്ടെല്ല് ഗവർണർ കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കേന്ദ്രത്തോട് അന്വേഷിക്കാനെങ്കിലും ആവശ്യപ്പെടാൻ ഗവർണർ തയ്യാറാകണം. വിഷയാധിഷ്‌ഠിതമായാണ് കോൺഗ്രസ് ഗവർണറുടെ കാര്യത്തിൽ നിലപാടെടുത്തത്. ഗവർണർ പക്ഷപാതപരമായി പെരുമാറിയപ്പോൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ വിമർശിക്കുന്ന ഗവർണർ കണ്ണൂർ വിസി നിയമനത്തിൽ പ്രോസിക്യൂഷന് അനുമതി നൽകണം. അത് നൽകാതെ വിമർശിക്കുന്നത് യുക്തിരഹിതമാണെന്നും സുധാകരൻ പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം ഉയർത്തിയത് സിപിഎം അറിയാതെയാണ് എന്ന എം വി ഗോവിന്ദന്‍റെ പ്രസ്‌താവന തമാശയാണ്. പിണറായി വിജയനെ നിയന്ത്രിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെങ്കിൽ അയ്യോ കഷ്‌ടം എന്നേ പറയാനുള്ളൂവെന്നും സുധാകരൻ വ്യക്തമാക്കി.