കോഴിക്കോട് : മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. അനുനയനീക്കങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണെന്നും പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടതെന്നും ഇരു നേതാക്കളും വ്യക്തമാക്കി.
ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ല. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ ഒരുക്കമല്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‍ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണ്. നമോ ടിവി എന്ന ചാനല്‍ വഴിയാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നത്.
കൂടുതല്‍ വായനക്ക്: ക്ലാസുകൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരുമെന്ന് മന്ത്രി വി ശിവൻ കുട്ടി
ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സുധാകരനും സതീശനും പറഞ്ഞു. സമസ്ത നേതാക്കളായ ജിഫ്രി തങ്ങൾ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ എന്നിവരെ ഇരുവരും സന്ദർശിച്ചു. താമരശേരി ബിഷപ്പുമായും നേതാക്കൾ ശനിയാഴ്ച രാത്രി ചർച്ച നടത്തിയിരുന്നു. കാന്തപുരത്തേയും നേതാക്കൾ സന്ദർശിക്കും. മത സൗഹാർദം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്നാണ് വിശദീകരണം.