തിരുവനന്തപുരം: കെപിസിസി നിർവാഹക സമിതി യോഗം ഇന്ന് നടക്കും. യോഗത്തില്‍ കോൺഗ്രസ് പാർട്ടിയുടെ താഴേത്തട്ടിലെ പുനസംഘടന ഷെഡ്യൂൾ തീരുമാനിക്കും. അതിനൊപ്പം ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്‌താവനകൾ ഒഴിവാക്കാൻ നേതാക്കൾക്ക് നിർദേശം നൽകുകയും ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ച എംപിമാർക്ക് താക്കീതും നടപടിയും വേണമെന്ന് ഇന്നലെ ചേർന്ന പാർട്ടി ഭാരവാഹി യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂർ എംപിയുടെ പ്രസ്‌താവനയ്‌ക്കെതിരെയും ഇന്ന് നടക്കുന്ന യോഗത്തിൽ വിമർശനം ഉയരാൻ സാധ്യതയുണ്ട്. പുനസംഘടന വൈകുന്നതിനെതിരെയും യോഗത്തിൽ വിമർശനമുയർന്നേക്കും.
ജനങ്ങളെ സേവിക്കാന്‍ ഇഷ്‌ടം നിയമസഭയാണെന്നും ലോക്‌സഭയിലേക്ക് ഇനിയില്ലെന്നും തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂരും പ്രതികരിച്ചിരുന്നു. ഇരു പ്രസ്‌താവനകൾക്കെതിരെയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറില്‍ നിന്ന് വിമർശനം ഉണ്ടായി. പ്രതികരണം ഉചിതമായില്ലെന്നും ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു താരിഖ് അൻവറിന്‍റെ പ്രതികരണം.
മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്‍റെ പ്രസ്‌താവനയിൽ, ശശി തരൂരിന് മുഖ്യമന്ത്രിയാകണമെങ്കിൽ അക്കാര്യം പരസ്യമായി പറയുകയല്ല, ഹൈക്കമാന്‍ഡിനെ അറിയിക്കുകയാണ് വേണ്ടതെന്നും ആർക്കും പദവികൾ ആഗ്രഹിക്കാം, എന്നാൽ പാർട്ടി നടപടിക്രമങ്ങൾ പാലിക്കണമെന്നുമായിരുന്നു താരിഖ് അൻവർ പ്രതികരിച്ചത്.