തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനാമാവാതെ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി യോഗം. ഇന്ദിരാഭവനില്‍ രാവിലെ തുടങ്ങിയ യോഗം മണിക്കൂറുകള്‍ നീണ്ടു നിന്നെങ്കിലും ഏകാഭിപ്രായം രൂപീകരിക്കാനാവാത്തതിനാല്‍ സ്ഥാനാര്‍ഥികളെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കട്ടെയെന്ന് അംഗങ്ങള്‍ ധാരണയിലെത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക തയ്യാറാക്കുക. സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക നാളെ ഹൈക്കമാന്‍ഡിന് കൈമാറിയേക്കുമെന്ന് യോഗ ശേഷം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് യോഗം ചേര്‍ന്നത്. അതേസമയം പീതാംബരക്കുറുപ്പിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകര്‍ യോഗം നടക്കുന്നിടത്ത് പ്രതിഷേധിച്ചു. പീതാംബരക്കുറുപ്പ് ഒഴികെ ആരെയും അംഗീകരിക്കും. മോഹൻ കുമാറോ നെയ്യാറ്റിൻകര സനലോ മത്സരിച്ചാലും അംഗീകരിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി.എം സുധീരൻ, പി.ജെ കുര്യൻ, ആര്യാടൻ മുഹമ്മദ്, കെ.മുരളീധരൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വട്ടിയൂർക്കാവിലെ സാധ്യതാ പട്ടികയിലുള്ള പി.സി വിഷ്ണുനാഥും യോഗത്തിനെത്തി.