തിരുവനന്തപുരം : ആര്യാടൻ ഷൗക്കത്തിന്‍റെ അച്ചടക്ക ലംഘനം ചർച്ച ചെയ്യാൻ കെപിസിസി അച്ചടക്ക സമിതി യോഗം വീണ്ടും ചേരും.(KPCC disciplinary committee meeting, Disciplinary action against Aryadan Shaukat will be discussed) ഇന്ന് (നവംബർ 13 ) രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുക. മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിൽ കഴിഞ്ഞ രണ്ട് തവണത്തെ സിറ്റിങ്ങിലും ആര്യാടൻ ഷൗക്കത്തിൻ്റെയും അദ്ദേഹത്തിന് ഒപ്പമുള്ളവരുടെയും വിശദീകരണം അച്ചടക്ക സമിതി കേട്ടിരുന്നു.
ഇന്ന് ചേരുന്ന അച്ചടക്ക സമിതിയിൽ മലപ്പുറം ഡിസിസി അധ്യക്ഷന്‍ അടക്കമുള്ള ഔദ്യോഗിക പക്ഷ നേതാക്കളുടെ വിശദീകരണമാകും കേൾക്കുക. അതേസമയം തീരുമാനം വേഗത്തിൽ വേണമെന്ന് ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും സമിതിയോട് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.
താൻ കെപിസിസി ജനറൽ സെക്രട്ടറിയാണ് എന്ന് മാത്രമായിരുന്നു സിപിഎം ക്ഷണത്തെ തള്ളുന്നുണ്ടോ എന്ന ചോദ്യത്തിന് ഷൗക്കത്തിന്‍റെ മറുപടി. പലസ്‌തീൻ നിലപാടിൽ പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ മാറ്റുമെന്നും പലസ്‌തീൻ ഐക്യദാർഢ്യ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി.
കെപിസിസി നേതൃത്വത്തെ വെല്ലുവിളിച്ചുള്ള പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനമായിരുന്നു ആര്യാടൻ ഷൗക്കത്ത് നടത്തിയത്. പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ പേരിലുള്ള ഫൗണ്ടേഷ'ൻ്റെ പേരിലാണ് പരിപാടിയെങ്കിലും സമ്മേളനം എ ഗ്രൂപ്പിൻ്റെ ശക്തി പ്രകടനമായി മാറിയിരുന്നു. സമ്മേളനത്തിനെതിരെ ഐ ഗ്രൂപ്പിൻ്റെ ശക്തമായ എതിർപ്പ് വന്നതോടെ കടുത്ത മുന്നറിയിപ്പുമായി കെസിപിപി നേതൃത്വം രംഗത്തെത്തുകയായിരുന്നു.
മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കെപിസിസി അറിയിച്ചിരുന്നു. ഡിസിസി പ്രസിഡന്‍റായി വി എസ് ജോയിയെ തെരഞ്ഞെടുത്തത് മുതൽ നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ് ഷൗക്കത്ത്. ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിൽ നേരത്തെയും ഷൗക്കത്തിനെ കെപിസിസി താക്കീത് നൽകിയിരുന്നു.
പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്ന് കെപിസിസി നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. പലസ്‌തീൻ ഐക്യദാർഢ്യ റാലിയെന്ന സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണം എന്നും സംഘടന നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് വിഭാഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചിരുന്നു.