തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് പലസ്‌തീന്‍ ഐക്യദാർഢ്യ സമ്മേളനം (Palestine Solidarity Conference) നടത്തിയ വിഷയത്തില്‍ അച്ചടക്ക സമിതിക്കുമുന്നില്‍ ഹാജരായി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് (Aryadan Shoukath Appeared Before KPCC Disciplinary Committee). സമിതിയോട് പറയുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും ഹാജരാകുന്നതിന് മുൻപ് മാധ്യമങ്ങളെ കാണവേ അദ്ദേഹം പ്രതികരിച്ചു.
അതേസമയം സിപിഎം ക്ഷണത്തെ തള്ളുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ കെപിസിസി ജനറൽ സെക്രട്ടറിയാണ് എന്ന് മാത്രമായിരുന്നു ഷൗക്കത്തിന്‍റെ മറുപടി. പലസ്‌തീൻ ഐക്യദാർഢ്യ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും നിലപാടിൽ പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യലാണ് ഇന്നത്തെ കെപിസിസി യോഗത്തിന്‍റെ പ്രധാന അജണ്ട. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. വിഷയത്തിൽ ഷൗക്കത്തിന്‍റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അറിയിച്ചിരുന്നു.
അച്ചടക്ക സമിതി തീരുമാനമെടുക്കും വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയിട്ടും വിലക്ക് ലംഘിച്ച് പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്ക ലംഘനം തന്നെ എന്ന് വ്യക്തമാക്കി കെപിസിസി ഷൗക്കത്തിന് രണ്ടാമതും നോട്ടിസ് നൽകിയിരുന്നു.