തിരുവനന്തപുരം: പാർട്ടിയിൽ സമാന്തര പ്രവർത്തങ്ങൾ പാടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂരിന് കെപിസിസി അച്ചടക്ക സമിതിയുടെ നിര്‍ദേശം. ഡിസിസി അനുമതിയോടെ ഏത് പരിപാടിയിലും പങ്കെടുക്കാം. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ പരിപാടിയുടെ കാര്യങ്ങള്‍ അറിയിച്ചിരിക്കണമെന്നും എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണെന്നും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വ്യക്തമാക്കി.
പാർട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികൾ പാടില്ല. ശശി തരൂരിന് പാർട്ടി ചട്ടക്കൂടിന് ഉള്ളിൽ നിന്ന് പരിപാടികളിൽ പങ്കെടുക്കാം. ഇപ്പോള്‍ തരൂര്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന അഭിപ്രായം അച്ചടക്ക സമിതിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, ബന്ധപ്പെട്ട പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവര്‍ത്തനമാണെന്നും വിഭാഗീയ പ്രവര്‍ത്തനമാണെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളില്‍ വരെ സൃഷ്‌ടിച്ചുവെന്ന് അച്ചടക്ക സമിതി വിലയിരുത്തി. സംസ്ഥാന രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകാൻ ശശി തരൂർ നടത്തുന്ന പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കെപിസിസി അച്ചടക്ക സമിതിയുടെ നിർദേശം.